ന്യൂഡല്‍ഹി : ഇന്ത്യന്‍ ടി20 ടീമിന്‍റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിക്കണമെന്ന് മുന്‍ താരം കൃഷ്‌ണമാചാരി ശ്രീകാന്ത്. 2024 ടി20 ലോകകപ്പിനുള്ള ടീമിന്‍റെ പുനർനിർമാണം മാനേജ്‌മെന്‍റ് ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും ശ്രീകാന്ത് പറഞ്ഞു. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു.
ഇതിന് പിന്നാലെ ടീമില്‍ കാര്യമായ മാറ്റത്തിനായി പല കോണുകളില്‍ നിന്നും മുറവിളി ഉയരുന്നുണ്ട്. "ഞാൻ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നെങ്കിൽ, 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യയായിരിക്കും. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ യോഗ്യതയുള്ള താരമാണ് ഹാര്‍ദിക്.
ഒരാഴ്‌ചയ്ക്കുള്ളിൽ ആരംഭിക്കുന്ന ന്യൂസിലാൻഡ് പരമ്പരയിൽ നിന്നുതന്നെ 2024ലെ ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കേണ്ടതുണ്ട്. ഇനി രണ്ട് വര്‍ഷമാണ് ലോകകപ്പിനുള്ളത്. ആദ്യ വര്‍ഷം നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുക, ട്രയൽ ആൻഡ് എറർ നയം നടപ്പാക്കാനുള്ള സമയമാണിത്.