മുംബൈ :ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകനും സെലക്‌ടറുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത്. ടെസ്റ്റ് ക്രിക്കറ്റിലും ടി20യിലും ഇന്ത്യന്‍ ടീം 'ഓവർറേറ്റഡ്' ആണെന്നാണ് ശ്രീകാന്ത് തുറന്നടിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ രോഹിത് ശര്‍മയും സംഘവും കൂറ്റന്‍ തോല്‍വി വഴങ്ങിയതിന്‍റെ പശ്ചാത്തലത്തിലാണ് 64-കാരന്‍റെ വാക്കുകള്‍ (Kris Srikkanth Slams Indian test Team).
"ടി20 ക്രിക്കറ്റിൽ ഇന്ത്യ വളരെ അധികം ഓവര്‍റേറ്റഡാണ്. ഏകദിന ക്രിക്കറ്റില്‍ നമ്മള്‍ മികച്ചൊരു ടീം തന്നെയാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. സെമിയും ഫൈനലും ഒക്കെ ഒരൊറ്റ മത്സരം മാത്രമാണ്. ഇതില്‍ ഭാഗ്യം ഒരു വലിയ ഘടകമാണ്.
ഇനി ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോഴും ഇപ്പോഴത്തെ ഇന്ത്യ ഓവര്‍ റേറ്റഡാണ്. എന്നാല്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ കളിച്ച രണ്ടോ മൂന്നോ വര്‍ഷങ്ങളില്‍ ഇന്ത്യ ഏറെ മികച്ച ടീമായിരുന്നു. ഇംഗ്ലണ്ടിൽ ആധിപത്യം പുലര്‍ത്തി, ദക്ഷിണാഫ്രിക്കയില്‍ മികച്ച പോരാട്ടമാണ് നമ്മള്‍ നടത്തിയത്. ഓസ്‌ട്രേലിയയില്‍ ടീം വിജയിക്കുകയും ചെയ്‌തു" - ശ്രീകാന്ത് പറഞ്ഞു.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഓവര്‍ റേറ്റഡായ കളിക്കാരുടേയും തങ്ങളുടെ മികവിനൊത്ത പ്രകടനം നടത്താത്തവരുടേയും സംയോജനമാണെന്നും ശ്രീകാന്ത് തുറന്നടിച്ചു. "ഐസിസി റാങ്കിങ്ങിനെക്കുറിച്ച് നമ്മള്‍ ഓര്‍ക്കേണ്ടതേയില്ല. എല്ലായ്‌പ്പോഴും നമ്മള്‍ ഒന്നോ അല്ലെങ്കില്‍ രണ്ടോ റാങ്കിലുണ്ട്.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീം എന്നു പറയുന്നത്, ഓവര്‍ റേറ്റഡായ കളിക്കാരും തങ്ങളുടെ മികവിനൊത്ത പ്രകടനം നടത്താത്ത കളിക്കാരും ചേര്‍ന്നതാണ്. മറുവശത്ത് കുല്‍ദീപ് യാദവിനെപ്പോലുള്ള താരങ്ങള്‍ക്ക് മതിയായ അവസരം ലഭിക്കാത്തതും നമ്മള്‍ കാണുന്നുണ്ട്"- ശ്രീകാന്ത് പറഞ്ഞു.