കൊല്‍ക്കത്ത : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ ശാർദുൽ താക്കൂറിന്‍റെ ഇടിവെട്ട് ബാറ്റിങ്ങില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്‍സ് നേടി. 29 പന്തില്‍ മൂന്ന് സിക്സറുകളും ഒമ്പത് ഫോറുകളുമായി 68 റണ്‍സെടുത്ത് കളംനിറഞ്ഞാടിയ ശാര്‍ദുല്‍ താക്കൂറാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍.
കൊല്‍ക്കത്തയ്‌ക്കായി ഓപ്പണ്‍ ചെയ്‌ത റഹ്മാനുള്ള ഗുര്‍ബാസും വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങ് കാഴ്‌ചവച്ച ശാർദുൽ താക്കൂറിന്‍റെയും ബാറ്റിങ് പ്രകടനമാണ് ടീമിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. വെങ്കടേഷ് അയ്യരും മന്‍ദീപ് സിങ്ങും നിറം മങ്ങിയ മത്സരത്തില്‍ ശാര്‍ദുല്‍ താക്കൂര്‍ തകര്‍ത്താടുകയായിരുന്നു. ബാംഗ്ലൂരിനായി കരണ്‍ ശര്‍മ, ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മൈക്കിള്‍ ബ്രേസ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ആദ്യം വീണു, പിന്നെ പറന്നുയര്‍ന്നു:ടോസ് നേടി കൊല്‍ക്കത്തയെ ബാറ്റിങ്ങിനയച്ച ബാംഗ്ലൂരിന്‍റെ തീരുമാനം നന്നായില്ല എന്ന രീതിയിലായിരുന്നു കൊല്‍ക്കത്തയുടെ ബാറ്റിങ് തുടക്കം. ഓപ്പണര്‍മാരായി ഇറങ്ങിയ റഹ്മാനുള്ള ഗുര്‍ബാസും വെങ്കടേഷ് അയ്യരും മികച്ച രീതിയില്‍ ബാറ്റ് വീശുന്നതിനിടയിലാണ് ബാംഗ്ലൂര്‍ തങ്ങളുടെ ആദ്യ ബ്രേക്ക് ത്രൂ കണ്ടെത്തുന്നത്. മൂന്നാമത്തെ ഓവറില്‍ ഡേവിഡ് വില്ലി വെങ്കടേഷ് അയ്യരെ ബൗള്‍ഡാക്കിയതോടെ കൊല്‍ക്കത്ത 26 ന് ഒന്ന് എന്ന നിലയിലായി. തൊട്ടുപിന്നാലെയെത്തിയ മന്‍ദീപ് സിങ്ങിനെയും സംപൂജ്യനായി മടക്കി വില്ലി കരുത്തുകാട്ടിയതോടെ മത്സരം ബാംഗ്ലൂര്‍ കൈപ്പിടിയിലാക്കിയ പ്രതീതി മുഴങ്ങി. പക്ഷേ മറിച്ചായിരുന്നു സംഭവിച്ചത്.
എന്നാല്‍ വിട്ടുകൊടുക്കാന്‍ കൂട്ടാക്കാതെ ഗുര്‍ബാസ് ബാറ്റുകൊണ്ട് ബാംഗ്ലൂരിന് തലവേദന തുടര്‍ന്നുകൊണ്ടേയിരുന്നു. ആറാമത്തെ ഓവറിലെ ആദ്യ പന്തില്‍ ക്യാപ്‌റ്റന്‍ നിതീഷ് റാണയെക്കൂടി മടക്കിയതോടെ കൊല്‍ക്കത്ത ക്യാമ്പില്‍ ആശങ്കയും ഉയര്‍ന്നു. ബ്രേസ്‌വെലിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കിയായിരുന്നു റാണയുടെ മടക്കം. പിന്നീട് ക്രീസിലെത്തിയ റിങ്കു സിങ് ഗുര്‍ബാസിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് മികച്ച പാര്‍ട്‌ണര്‍ഷിപ്പ് കെട്ടിപ്പടുക്കുന്നതിനിടെ പതിനൊന്നാമത്തെ ഓവറില്‍ കരണ്‍ ശര്‍മ ഗുര്‍ബാസിനെ പവലിയനിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. ആകാശ് ദീപ് സിങ്ങിന് ക്യാച്ച് നല്‍കിയായിരുന്നു ഗുര്‍ബാസിന്‍റെ മടക്കം. തൊട്ടുപിന്നാലെയെത്തിയ ആന്ദ്രേ റസ്സലിനെ കൂടി മടക്കിയതോടെ കൊല്‍ക്കത്തയുടെ ബാറ്റിങ് കരുത്ത് അസ്‌തമിച്ചതായി തോന്നിച്ചു. നേരിട്ട കരണ്‍ ശര്‍മയുടെ ആദ്യ പന്തില്‍ തന്നെ സംപൂജ്യനായി ആയിരുന്നു പവര്‍ ഹിറ്ററുടെ മടക്കം.
ശാര്‍ദുല്‍ ഷോ :എന്നാല്‍ തുടര്‍ന്നങ്ങോട്ടായിരുന്നു കൊല്‍ക്കത്തയുടെ യഥാര്‍ഥ ഓപ്പണിങ് ആരംഭിച്ചത്. റിങ്കു സിങ്ങിനൊപ്പം ചേര്‍ന്ന് ശാര്‍ദുല്‍ താക്കൂര്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാറ്റുകൊണ്ട് വിസ്‌മയം തീര്‍ത്തു. ക്രീസിലെത്തിയ ഉടനെ തന്നെ തുടര്‍ച്ചയായ രണ്ട് പന്തുകള്‍ ബൗണ്ടറി നേടി രക്ഷകന്‍ അവതരിച്ചുവെന്ന വിശ്വാസം ശാര്‍ദുല്‍ കൊല്‍ക്കത്ത ക്യാമ്പില്‍ നിറച്ചു. 18ാമത്തെ ഓവറിലെ അവസാന പന്തില്‍ റിങ്കു സിങ്, ഹര്‍ഷല്‍ പട്ടേലിന് മുന്നില്‍ വീഴുന്നത് വരെ ഈ കൂട്ടുകെട്ട് ബാംഗ്ലൂരിന്‍റെ തലയ്ക്കുമേലെ പേമാരിയായി പെയ്‌തിറങ്ങി. റിങ്കു മടങ്ങി കയറുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. തൊട്ടുപിന്നാലെ അവസാന ഓവറിലെ നാലാം പന്തില്‍ ശാര്‍ദുലും മടങ്ങി. മൂന്ന് നോ ബോളുകളും പത്ത് വൈഡ് ബോളുകളും ഉള്‍പ്പടെ 23 റണ്‍സായിരുന്നു എക്‌ട്രാസ് ഇനത്തില്‍ കൊല്‍ക്കത്തയ്‌ക്ക് ലഭിച്ചത്.