ദുബായ് : പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് നേരെ സോഷ്യൽ മീഡിയയിൽ നടന്ന വംശീയ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോലി. മതത്തിന്‍റെ പേരിൽ ഒരാളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം ഷമിയെ ആക്രമിക്കുന്നവർ നട്ടെല്ലില്ലാത്തവരാണെന്നും കൂട്ടിച്ചേർത്തു.
ഞങ്ങൾ മൈതാനത്താണ് കളിക്കുന്നത്. അല്ലാതെ നട്ടെല്ലില്ലാത്ത ഒരുകൂട്ടം ആളുകളെപ്പോലെ സോഷ്യൽ മീഡിയയിലല്ല. ഇത്തരക്കാർക്ക് ഒരു വ്യക്‌തിയുമായി നേരിട്ട് സംസാരിക്കാനുള്ള ധൈര്യം ഉണ്ടായിരിക്കില്ല. അത് മനുഷ്യൻ ഏറ്റവും മോശം നിലയിലേക്ക് പോകുന്നതിന്‍റെ ഉദാഹരണമാണ്, കോലി പറഞ്ഞു.
മതത്തിന്‍റെ പേരിൽ ഒരാളെ ആക്രമിക്കുന്നത് മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും ദയനീയമായ കാര്യമാണ്. മതത്തിന്‍റെ പേരിൽ ഒരു വ്യക്‌തിയോട് വിവേചനം കാണിക്കുന്നതിനെപ്പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല. ഷമിയുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യാനാകില്ല. ടീമിലെ ഒന്നാം നമ്പർ താരമാണ് ഷമി. ഇത്തരം ദുഷ്പ്രചരണങ്ങളിലൂടെ ഞങ്ങളുടെ സാഹോദര്യവും സൗഹൃദവും ഇളക്കാനാവില്ല, കോലി കൂട്ടിച്ചേർത്തു.
ALSO READ :ഓസീസ് സ്‌പിൻ ഇതിഹാസം ആഷ്‌ലി മാലറ്റ് അന്തരിച്ചു
പാകിസ്ഥാനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ വ്യാപകമായ വംശീയ അധിക്ഷേപം ഉയർന്നുവന്നത്. ഷമി രാജ്യദ്രോഹിയാണെന്നും ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളായിരുന്നു ഇതിലധികവും.