മുംബൈ :ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയെങ്കിലും രാജ്യത്ത് ഏറ്റവുമധികം താരമൂല്യമുള്ള സെലിബ്രിറ്റി കിങ് കോലി തന്നെ. 2020നെ അപേക്ഷിച്ച് തന്‍റെ മൂല്യത്തിൽ അഞ്ച് ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും 185.7 മില്യൺ ഡോളറോടെ(1,400 കോടി) കോലി തന്നെയാണ് നമ്പർ വണ്‍. 2020ൽ 237.7 മില്യൺ ഡോളറായിരുന്നു താരത്തിന്‍റെ ബ്രാൻഡ് മൂല്യം.
അതേസമയം ഇന്ത്യയിൽ ഏറ്റവുമധികം ബ്രാന്‍റ് വാല്യുവുള്ള രണ്ടാമത്തെ താരം എന്ന നേട്ടം ബോളിവുഡ് സൂപ്പർ താരം രണ്‍വീർ സിങ് സ്വന്തമാക്കി. 158.3 മില്യൺ ഡോളറാണ് താരത്തിന്‍റെ ബ്രാൻഡ് വാല്യു. സൂപ്പർ താരം അക്ഷയ് കുമാറിനെ പിൻതള്ളിയാണ് താരം രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. മൂന്നാം സ്ഥാനത്തുള്ള അക്ഷയ് കുമാറിന്‍റെ ബ്രാൻഡ് വാല്യു 139.6 മില്യൺ ഡോളറാണ്.
റാണിയായി ആലിയ : പട്ടികയിൽ നാലാം സ്ഥാനത്തും വനിതകളിൽ ഒന്നാം സ്ഥാനത്തുമുള്ളത് ബോളിവുഡ് നടി ആലിയ ഭട്ടാണ്. 68.1 മില്യൻ ഡോളറാണ് താരത്തിന്‍റെ ബ്രാൻഡ് മൂല്യം. 61.2 മില്യൻ ഡോളറുമായി ഇന്ത്യൻ മുൻ നായകൻ എം.എസ് ധോണിയാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. 2022ൽ പട്ടികയിൽ 11-ാം സ്ഥാനത്തായിരുന്നു ധോണി. 54.2 മില്യൻ ഡോളറുമായി ബിഗ് ബി അമിതാഭ് ബച്ചനാണ് പട്ടിയിൽ ആറാം സ്ഥാനത്ത്.