മൊഹാലി: ഏഷ്യ കപ്പിന്‍റെ തുടർച്ചയെന്നോണം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി നടക്കുന്ന പരിശീലന സെഷനിൽ മിന്നും പ്രകടനവുമായി വിരാട് കോലി. ഇന്ന് (18.09.22) മൊഹാലിയിൽ നടന്ന പരിശീലന സെഷനിൽ മികച്ച ആത്മവിശ്വാസത്തോടെ തകർപ്പൻ ഷോട്ടുകളാണ് കോലി പുറത്തെടുത്തത്.
45 മിനിറ്റോളം നീണ്ട നെറ്റ് സെഷനിൽ ഷോർട്ട് ബോൾ കളിക്കുന്നതിലായിരുന്നു താരം കൂടുതലും ശ്രദ്ധ ചെലുത്തിയത്. ഇന്ത്യൻ താരങ്ങളിൽ ആദ്യം നെറ്റ്സിൽ പരിശീലനത്തിനെത്തിയതും കോലിയായിരുന്നു. സെപ്‌റ്റംബർ 20ന് മൊഹാലിയിലാണ് മൂന്ന് ടി20 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര ആരംഭിക്കുക. രണ്ടാം മത്സരം സെപ്‌റ്റംബർ 23ന് നാഗ്‌പൂരിലും, അവസാന മത്സരം 25ന് ഹൈദരാബാദിലും നടക്കും.
ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഏഷ്യ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെതിരെയാണ് കോലി തന്‍റെ കന്നി ടി20 സെഞ്ച്വറി സ്വന്തമാക്കിയത്. ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു കോലി ഒരു അന്താരാഷ്‌ട്ര സെഞ്ച്വറി സ്വന്തമാക്കിയത്.