ന്യൂഡൽഹി : വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകൻ വിരാട് കോലിക്കും പേസർ ജസ്‌പ്രീത് ബുമ്രയ്‌ക്കും വിശ്രമം അനുവദിച്ച് ബിസിസിഐ. ഏകദിന പരമ്പരയ്‌ക്കുള്ള ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു ടി20 ടീമിലില്ല. ജൂലൈ 29 നാണ് പരമ്പരയിലെ ആദ്യ മത്സരം.
പരിക്കിനെ തുടർന്ന് ശസ്‌ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലിരിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുലും സ്‌പിന്നർ കുൽദീപ് യാദവും ടീമിലുണ്ട്. എങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കുകയുള്ളൂ. സ്‌പിന്നർ ആർ. അശ്വിനും ടീമിലുണ്ട്. ആറുമാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വെറ്ററൻ താരം ടി20 ടീമിലേക്ക് തിരിച്ചെത്തുന്നത്.
ഏകദിന പരമ്പരയുടെ ഭാഗമാകാത്ത ക്യാപ്‌റ്റൻ രോഹിത് ശർമ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവർ ടി20യിൽ തിരിച്ചെത്തി. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നിവര്‍ക്കെതിരെ ടി20 കളിച്ച ഉമ്രാന്‍ മാലിക്കിനെ ടീമിലേക്ക് പരിഗണിച്ചില്ല. സ്റ്റാർ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനും വിശ്രമം അനുവദിച്ചിട്ടുണ്ട്.