ബെംഗളൂരു : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായികര്‍ണാടക-ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം കെഎല്‍ രാഹുല്‍ (KL Rahul Visited Two Temples In Dakshina Kannada). കുക്കെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും (Sri Subrahmanya Swamy Temple Kukke) സൗത്തഡ്‌ക ശ്രീ മഹാഗണപതി ക്ഷേത്രത്തിലുമാണ് (Sowthadka Shri Mahaganapati Temple) കെഎല്‍ രാഹുല്‍ ഇന്നലെ (ജനുവരി 17) സന്ദര്‍ശനം നടത്തിയത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ താരം പ്രത്യേക പൂജകളും നടത്തിയായിരുന്നു മടങ്ങിയത്.
കുക്കെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തിയ ഇന്ത്യന്‍ താരത്തെ കാണാന്‍ നിരവധി ആരാധകരും തടിച്ചുകൂടി. ക്ഷേത്രം ജീവനക്കാരോട് ഉള്‍പ്പടെ സംസാരിച്ച താരം ആരാധകരോടൊപ്പം ചിത്രങ്ങളും പകര്‍ത്തിയാണ് മടങ്ങിയത്. സൗത്തഡ്‌ക ശ്രീ മഹാഗണപതി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ താരത്തെ ആദരിക്കുകയും ചെയ്‌തിരുന്നു. ഈ ക്ഷേത്രങ്ങളില്‍ എത്തുന്നതിന് മുന്‍പ് ഉഡുപ്പിയിലെ ശ്രീ മൂകാംബിക ക്ഷേത്രത്തിലും രാഹുല്‍ ദര്‍ശനം നടത്തിയിരുന്നു.
അതേസമയം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം നിലവില്‍ നാട്ടിലാണ് താരം. ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ ഏകദിന ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷമാണ് താരം തിരികെ നാട്ടിലെത്തിയത്. അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.