മുംബൈ : ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ഇനി മുതല്‍ കെഎല്‍ രാഹുല്‍ (KL Rahul Relieved From Wicket Keeping Duties In Test Cricket) വിക്കറ്റ് കീപ്പര്‍ ആയേക്കില്ലെന്ന് റിപ്പോര്‍ട്ട്. സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലായിരിക്കും രാഹുല്‍ ഇനി ഇന്ത്യയുടെ വെള്ളക്കുപ്പായത്തില്‍ കളിക്കാന്‍ ഇറങ്ങുക എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര (India vs England Test Series).
ഈ മാസം 25നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഇന്ത്യ കളിക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത് (India Squad Against England).
കെഎല്‍ രാഹുല്‍, കെഎസ് ഭരത് (KS Bharat), ധ്രുവ് ജുറെല്‍ (Dhruv Jurel) എന്നീ മൂന്ന് പേരെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി നിയോഗിച്ച് കൊണ്ടായിരുന്നു ടീം പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ കളിക്കാന്‍ ഇറങ്ങില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കെഎസ് ഭരതോ ധ്രുവ് ജുറെലോ ആയിരിക്കും ഇന്ത്യയ്‌ക്ക് വേണ്ടി വിക്കറ്റിന് പിന്നില്‍ ഗ്ലൗസ് അണിയുക.
ബാറ്റിങ്ങില്‍ രാഹുലിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ബിസിസിഐയുടെ പുതിയ നീക്കം എന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ സ്‌പിന്‍ സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററെ ടീമിന് അനിവാര്യമാണെന്നും ബിസിസിഐ കരുതുന്നുണ്ട്. ടീമിന്‍റെ പ്രധാന ബാറ്റര്‍മാരില്‍ ഒരാളാണ് രാഹുല്‍.
കഴിഞ്ഞ മെയ് മാസത്തിലാണ് കാല്‍ തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് താരം ശസ്‌ത്രക്രിയക്ക് വിധേയനായത്. ഈ സാഹചര്യത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായി തുടര്‍ന്നാല്‍ താരത്തിന് വീണ്ടും പരിക്ക് പറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം(India Squad): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.
Also Read :സൈനികനാകേണ്ട ധ്രുവ് ടീം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍, ക്രിക്കറ്റിനെ സ്‌നേഹിച്ച ജുറെല്‍