മുംബൈ:സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്‌ക്കായുള്ള ഇന്ത്യൻ ടീമിനെ കെഎൽ രാഹുൽ നയിക്കും. ശിഖാർ ധവാനാണ് വൈസ് ക്യാപ്‌റ്റൻ. മൂന്ന് ഏകദിനങ്ങൾ ഉൾപ്പെടുന്ന പരമ്പര ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് നടക്കുക. മലയാളി താരം സഞ്ജു സാംസണും 15 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്.
രോഹിത് ശർമ, വിരാട് കോലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് പരമ്പരയിൽ വിശ്രമം നൽകിയിട്ടുണ്ട്. നേരത്തെ ശിഖാർ ധവാനെയാണ് പരമ്പരക്കായുള്ള ടീമിന്‍റെ നായക സ്ഥാനത്തേക്ക് നിശ്ചിയിച്ചിരുന്നത്. എന്നാൽ പരിക്കിൽ നിന്ന് പൂർണനായും മുക്‌തനായി തിരിച്ചെത്തിയതോടെ നറുക്ക് രാഹുലിന് വീഴുകയായിരുന്നു.
പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്ന വാഷിംഗ്‌ടണ്‍ സുന്ദറും പേസര്‍ ദീപക് ചാഹറും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്നതിനിടെയാണ് സുന്ദറിന് ടീമിലേക്ക് അവസരം ലഭിച്ചത്. എന്നാൽ സുന്ദറിന് തോളിന് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
സീനിയര്‍ പേസ് ബോളര്‍ ജസ്‌പ്രീത് ബുംറയില്ലാത്ത ടീമില്‍ പ്രസിദ്ധ് കൃഷ്‌ണ, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍ എന്നിവരും ഇടം നേടിയിട്ടുണ്ട്. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കാണ് സ്‌പിന്‍ ബോളിങ് ചുമതല. വിന്‍ഡീസ് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത യുസ്‌വേന്ദ്ര ചാഹലിനും സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചു.
ഇന്ത്യന്‍ സ്‌ക്വാഡ്:കെഎൽ രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, വാഷിംഗ്‌ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.