ബെംഗളൂരു:പരിക്ക് മാറി കളത്തിലിറങ്ങിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ (Wicketkeeper-Batter) കെ.എല്‍ രാഹുല്‍ (KL Rahul), വരാനിരിക്കുന്ന ഏഷ്യ കപ്പിലെ (Asia Cup) ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കില്ല. പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും താരം പൂര്‍ണമായും പഴയപോലെ മത്സരത്തിന് തയ്യാറല്ലെന്ന് കണ്ടാണ് 'നിഗ്ഗിള്‍ ഇഞ്ചുറി' (Niggles) ചൂണ്ടിക്കാണിച്ച് താരത്തെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ രാഹുലിന്‍റെ നീലക്കുപ്പായത്തിലേക്കുള്ള മടങ്ങിവരവിന് ആരാധകര്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.
രാഹുലിന് എന്തുപറ്റി: എന്നാല്‍ രാഹുലിന്‍റെ നിഗ്ഗിലിന് മാസങ്ങളോളം മത്സരിക്കാനാവാതെ പുറത്തിരുത്തിയ തുടയെല്ലിനേറ്റ പരിക്കുമായി ബന്ധമില്ലെന്ന് ഇന്ത്യന്‍ പരിശീലകനും മുന്‍ താരവുമായ രാഹുല്‍ ദ്രാവിഡ് (Rahul Dravid) അറിയിച്ചു. ബുധനാഴ്‌ച (30.08.2023) ആരംഭിക്കുന്ന ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു.
രാഹുല്‍ ഒരാഴ്‌ചയായി ഞങ്ങള്‍ക്കൊപ്പമുണ്ട്. അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. എന്നാല്‍ മത്സരങ്ങളുടെ ആദ്യപാദത്തില്‍ അദ്ദേഹത്തെ ലഭ്യമാവില്ല എന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഏഷ്യ കപ്പിനായി തിരിക്കുന്നതിന് മുമ്പ് നടത്തിയ പ്രീ ഡിപാര്‍ച്ചര്‍ പ്രസ് മീറ്റിലാണ് (Pre-Departure Presser) ദ്രാവിഡ് മനസുതുറന്നത്.
Also Read: Matthew Hayden Included Sanju Samson 'തിലക് പുറത്ത്, സഞ്‌ജു ടീമില്‍', ലോകകപ്പിലെ ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്ത് മാത്യു ഹെയ്‌ഡന്‍
നിരീക്ഷണം തുടരും, എല്ലാം ഒകെയെങ്കില്‍ ടീമില്‍:അതുകൊണ്ടുതന്നെ കെഎല്‍ രാഹുല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (National Cricket Academy) തുടരുമെന്നും ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നതിനായി സെപ്‌റ്റംബര്‍ നാലിന് അദ്ദേഹത്തെ വിളിക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കി. തങ്ങള്‍ യാത്ര ചെയ്യുന്ന അടുത്ത കുറച്ചുദിവസങ്ങളില്‍ അദ്ദേഹത്തെ ക്രിക്കറ്റ് അക്കാദമി നിരീക്ഷിക്കുമെന്നും, തുടര്‍ന്ന് സെപ്‌റ്റംബര്‍ നാലിന് പരിശോധിച്ച ശേഷം തങ്ങള്‍ക്കൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജുവിന് വഴിതെളിയുമോ:എല്ലാം ശുഭസൂചനയായി കണ്ടാല്‍ മതിയെന്നും ആദ്യ രണ്ട് മത്സരങ്ങളില്‍ അദ്ദേഹത്തെ ലഭ്യമാവില്ലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. അതേസമയം കെ.എല്‍ രാഹുലിന്‍റെ അഭാവം സ്‌റ്റാന്‍ഡ് ബൈയായി ടീമിനൊപ്പമുള്ള മലയാളി താരം സഞ്ജു സാംസണ് (Sanju Samson) അവസരമാകുമെന്നാണ് വിലയിരുത്തല്‍.
ഏഷ്യയിലെ ജേതാവിനെ തേടി: ബുധനാഴ്‌ച ആരംഭിക്കുന്ന ഏഷ്യ കപ്പില്‍ സെപ്‌റ്റംബര്‍ രണ്ടിനും നാലിനുമാണ് ഇന്ത്യയുടെ ആദ്യ മത്സരങ്ങളുള്ളത്. ഇതില്‍ സെപ്‌റ്റംബര്‍ രണ്ടിന് ഇന്ത്യ ബദ്ധവൈരികളായ പാകിസ്‌ഥാനെയും സെപ്‌റ്റംബര്‍ നാലിന് നേപ്പാളിനെയും നേരിടും.
അതേസമയം ഹൈബ്രിഡ് രീതിയിലാണ് ഏഷ്യ കപ്പ് മത്സരങ്ങള്‍ നടക്കുക. ഇതിന്‍റെ ഭാഗമായി ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാവും നടക്കുക. മാത്രമല്ല ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സുപ്രധാന ടുര്‍ണമെന്‍റായാണ് ഏഷ്യ കപ്പ് വിലയിരുത്തപ്പെടുന്നത്.
Also Read:Wasim Akram On Asia Cup 2023 India Squad പാകിസ്ഥാന്‍ ലോക ഒന്നാം നമ്പര്‍ ടീമാണ്; ഇന്ത്യയ്‌ക്ക് മുന്നറിയിപ്പുമായി വസീം അക്രം