മ്യൂണിക് : പരിക്കിനെ തുടർന്ന് ജർമനിയില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എല്‍ രാഹുല്‍ സുഖം പ്രാപിക്കുന്നു. പുഞ്ചിരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ച രാഹുൽ ആരാധകരുടെ സന്ദേശങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ചു. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് രാഹുലിനെ നേരത്തെ ഒഴിവാക്കിയിരുന്നു.
ഈ മാസം ആദ്യമേറ്റ പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ രാഹുലിനെ കളിപ്പിക്കേണ്ടതില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം ഇന്ത്യന്‍ സെലക്‌ടർമാരോട് നിർദേശിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് എഡ്‌ജ്‌ബാസ്റ്റണില്‍ നാളെ തുടക്കമാകും. രാഹുല്‍ ഇല്ലാത്തതിനാലും രോഹിത് ശർമ കൊവിഡ് ആശങ്കയില്‍ തുടരുന്നതിനാലും ടീമിനെ നയിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരം കൊവിഡിനെ തുടര്‍ന്ന് മാറ്റിവയ്‌ക്കുകയായിരുന്നു. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്താണ് ബെന്‍ സ്റ്റോക്സും സംഘവും ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. രോഹിത് ശർമ കളിക്കുമോ എന്നറിയാന്‍ ഇന്നത്തെ ഫിറ്റ്നസ് ടെസ്റ്റ് നിർണായകമാണ്.
ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വർ പുജാര, മായങ്ക് അഗർവാള്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ.