ലഖ്‌നൗ: കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്‌പ്രീത് ബുംറ എന്നിവരാണ് ഇന്ത്യന്‍ ടീമിന്‍റെ നായക പദവിയിലെത്താന്‍ സാധ്യതയുള്ള താരങ്ങളെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കയ്‌ക്കിതെരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായ വെർച്വൽ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
''ടീമിലെ എല്ലാവരും പക്വതയുള്ള കളിക്കാരാണ്. അവരെ നയിക്കാൻ ആരെങ്കിലും അവരുടെ ചുറ്റും ഉണ്ടായിരിക്കും. അങ്ങനെയാണ് ഞങ്ങൾ ടീമിന്‍റെ ചുമതലകളിലേക്കെത്തുന്നത്. മറ്റാരോ ഞങ്ങളെ വളർത്തിയെടുത്തു. ഇതൊരു സ്വാഭാവിക പ്രക്രിയയാണ്, എല്ലാവരും ഇതിലൂടെ കടന്നുപോകുന്നു.
ബുംറ, കെഎൽ രാഹുൽ, പന്ത് എന്നിവരെക്കുറിച്ച് പറയുകയാണെങ്കിൽ, ഇന്ത്യയുടെ വിജയത്തിൽ അവർക്ക് വലിയ പങ്കുണ്ട്. ഭാവി ക്യാപ്റ്റന്മാരായി അവരെയും അവരെ കാണുന്നുണ്ട്. അവരുടെ ചുമലിൽ ഒരു ഉത്തരവാദിത്തമുണ്ടെന്ന് അവർ മനസിലാക്കുന്നു, എന്നാല്‍ അവരുടെ മേൽ സമ്മർദ്ദം ചെലുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവർ ഗെയിം ആസ്വദിക്കാനും മികച്ച പ്രകടനം തുടരാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു'' രോഹിത് പറഞ്ഞു.
also read: ടീം ഇന്ത്യയെ നയിക്കുന്നത് മഹത്തായ ബഹുമതി: രോഹിത് ശർമ
റെഡ് ബോള്‍ ക്രിക്കറ്റ് നായകനായതിന് പിന്നാലെ കഴിഞ്ഞ ആഴ്‌ചയാണ് രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. താരത്തിന് കീഴില്‍ ഭാവിയിലേക്ക് കൂടുതൽ ക്യാപ്റ്റൻമാരെ വളര്‍ത്തിയെടുക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി സെലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതൻ ശർമ പറഞ്ഞിരുന്നു.