അഡ്‌ലെയ്‌ഡ്:ടി20 ലോകകപ്പിനെത്തിയ ഇന്ത്യന്‍ ടീമില്‍ ക്രിക്കറ്റ് അനലിസ്റ്റുകളുടെയും ആരാധകരുടെയും പഴിയൊരുപാട് കേട്ട താരമാണ് കെ എല്‍ രാഹുല്‍. ടൂര്‍ണമെന്‍റിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ താരം നന്നേ വിഷമിച്ചിരുന്നു. ഇതും മുന്‍ പരമ്പരകളിലെ പ്രകടനവും ചൂണ്ടിക്കാട്ടിയാണ് പലരും രാഹുലിനെതിരെ വിമര്‍ശന ശരങ്ങളെയ്‌തത്. എന്നാല്‍ അതിനെല്ലാമുള്ള മറുപടിയായിരുന്നു ബംഗ്ലാദേശിനെതിരായ രാഹുലിന്‍റെ ഇന്നിങ്സ്.
മത്സരത്തില്‍ 32 പന്തില്‍ 50 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്. പതിയെ തുടങ്ങിയ രാഹുല്‍ പിന്നീട് ആളിക്കത്തുന്ന കാഴ്ചയാണ് അഡ്‌ലെയ്‌ഡില്‍ കണ്ടത്. രോഹിത് മടങ്ങിയതിന് പിന്നാലെ വിരാട് കോലിക്കൊപ്പം രണ്ടാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടുകെട്ടും രാഹുലുണ്ടാക്കി.
ഈ പ്രകടനം തനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് മത്സരശേഷമുള്ള താരത്തിന്‍റെ പ്രതികരണം. 'കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞങ്ങളെല്ലാവരും ഈ ടൂര്‍ണമെന്‍റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാലും ഇല്ലെങ്കിലും എപ്പോഴും ബാലന്‍സ്‌ഡ് ആയിരിക്കാനായിരുന്നു എന്‍റെ ശ്രമം.
ടീം എനിക്ക് ഒരു റോള്‍ തന്നിരുന്നു. അത് നിറവേറ്റാന്‍ കഴിയും എന്നതില്‍ എനിക്ക് ആത്മവിശ്വാസ കുറവ് ഒന്നും ഉണ്ടായിരുന്നില്ല. അതേസമയം പ്രതിസന്ധി ഘട്ടങ്ങളില്‍ ക്യാപ്‌റ്റനും, കോച്ചും ടീം മാനേജ്മെന്‍റും തനിക്ക് പൂര്‍ണ പിന്തുണ നല്‍കി.
ആദ്യ മൂന്ന് മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതിരുന്നതില്‍ ഞാന്‍ നിരാശനായിരുന്നു. എന്നാല്‍ അത് എന്‍റെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നില്ല. അടുത്ത് തന്നെ ഒരു മികച്ച ഇന്നിങ്സ് കളിക്കാന്‍ എനിക്ക് സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു' കെ എല്‍ രാഹുല്‍ അഭിപ്രായപ്പെട്ടു.
അതേസമയം ബംഗ്ലാദേശിനെതിരായ നിര്‍ണായക മത്സരത്തില്‍ അഞ്ച് റണ്‍സിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 184 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. 21 പന്തില്‍ 50 തികച്ച ലിറ്റണ്‍ ദാസിന് മുന്നില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ കാഴ്‌ചക്കാരായാപ്പോള്‍ ബംഗ്ലാദേശ് വിജയലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചു. എന്നാല്‍ ബംഗ്ലാദേശ് വിക്കറ്റ് നഷ്‌ടമില്ലാതെ 7 ഓവറില്‍ 66 റണ്‍സില്‍ നിന്നപ്പോള്‍ കളി മഴ തടസപ്പെടുത്തി.
പിന്നീട് 16 ഓവറായി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് വിജയലക്ഷ്യം 151 ആയി വെട്ടിക്കുറച്ചു. മഴയ്‌ക്ക് ശേഷം മത്സരം പുനരാരംഭിച്ചതിന് പിന്നാലെ ബംഗ്ലാദേശിന്‍റെ കൂട്ടതകര്‍ച്ചയാണ് അഡ്‌ലെയ്‌ഡില്‍ കണ്ടത്. വെടിക്കെട്ട് ബാറ്റിങ് കാഴ്‌ചവെച്ച ലിറ്റണ്‍ ദാസ് റണ്‍ ഔട്ട് ആയതിന് പിന്നാലെയെത്തിയ ബാറ്റര്‍മാരെല്ലാം അതിവേഗം പവലിയവനിലേക്ക് മടങ്ങി.
ഇന്ത്യക്കായി അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് ഷാമി എന്നിവര്‍ രണ്ട് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും നേടി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്കായി പുറത്താകതെ 64 റണ്‍സ് നേടിയ വിരാട് കോലിയായിരുന്നു കളിയിലെ താരം. നാല് മത്സരങ്ങളില്‍ രണ്ടാം തവണയാണ് വിരാട് കോലി പ്ലയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്നത്.