മൊഹാലി: ഓസ്ട്രേലിയയ്ക്ക് എതിരെ ഒന്നാം ഏകദിനത്തില്‍ വിക്കറ്റിന് പിന്നിലെ മോശം പ്രകടനത്തിന് ഇന്ത്യയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെതിരെ തിരിഞ്ഞ് ആരാധകര്‍ (Fans slam KL Rahul for Poor Wicket Keeping in India vs Australia 1st ODI). ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി അത്ര ആത്മവിശ്വാസത്തിലായിരുന്നില്ല രാഹുല്‍ വിക്കറ്റിന് പിന്നില്‍ നിന്നത്. ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുംറയുടേയും പന്തുകള്‍ പിടിക്കാന്‍ പ്രയാസപ്പെടുന്ന രാഹുലിനെയാണ് കാണാന്‍ കഴിഞ്ഞത്.
ഇതിനിടെ മാര്‍നസ് ലെബുഷെയ്നെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവസരവും രാഹുല്‍ കളഞ്ഞ് കുളിക്കുകയും ചെയ്തു(KL Rahul misses Run out Chance of Marnus labuschagne). രവീന്ദ്ര ജഡേജ (Ravindra jadeja) എറിഞ്ഞ 23-ാം ഓവറിലായിരുന്നു ലെബുഷെയ്നെ പുറത്താക്കാനുള്ള വമ്പന്‍ അവസരം ഇന്ത്യയ്ക്ക് ലഭിച്ചത്. ജഡേജയുടെ പന്ത് കവറിലേക്ക് കളിച്ച ലെബുഷെയ്ന് സിംഗിളിനായി ക്രീസ് വിട്ടിറങ്ങി.
എന്നാല്‍ സൂര്യകുമാര്‍ പന്ത് പിടിച്ചതോടെ നോണ്‍ സ്ട്രൈക്കറായിരുന്ന കാമറൂണ്‍ ഗ്രീനും ലെബുഷെയ്നും തമ്മില്‍ ആശയക്കുഴപ്പമുണ്ടായി. തിരിച്ചോടിയ ലെബുഷ്യന് ക്രീസില്‍ നിന്നും ഏറെ ദൂരെ നില്‍ക്കെ തന്നെ സൂര്യകുമാര്‍ രാഹുലിന് പന്തെറിഞ്ഞ് നല്‍കിയെങ്കിലും ഇതു പിടിക്കാന്‍ പോലും താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതു കണ്ടുള്ള നിരാശയില്‍ മുഖം പൊത്തുകയാണ് സൂര്യ ചെയ്തത്.
ഒടുവില്‍ ഭാഗ്യം തുണച്ചതോടെ ലെബുഷെയ്ന്റെ പുറത്താവലില്‍ ഭാഗവാക്കാവാന്‍ കഴിഞ്ഞുവെന്നത് രാഹുലിന് ആശ്വാസമാണ്. അശ്വിന്റെ പന്തിലായിരുന്നു ലെബുഷെയ്ന് വീണത്. ക്രീസ് വിട്ടിറങ്ങിയ താരത്തിന്റെ റിവേഴ്സ് സ്വീപ്പ് കളിക്കാനുള്ള ശ്രമം പാളിയതോടെ രാഹുലിന്റെ പാഡിലിടിച്ച പന്ത് ബെയ്ല്‍സ് ഇളക്കുകയായിരുന്നു.