ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റര്‍ കെഎൽ രാഹുലും ബോളിവുഡ് താരമായ ആതിയ ഷെട്ടിയും അടുത്ത വർഷം വിവാഹിതരാകുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ജനുവരിയില്‍ മഹാരാഷ്ട്രയിൽ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് വാര്‍ത്ത ഏജന്‍സിയായ എഎൻഐയോടാണ് ബിസിസിഐ വ്യത്തത്തിന്‍റെ പ്രതികരണം.
"അടുത്ത വർഷം ആതിയയെ വിവാഹം കഴിക്കുമെന്ന് കെഎൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്നെ അറിയിച്ചു. അതിന് ശേഷം പെൺകുട്ടിയുടെ അടുത്ത കുടുംബാംഗവും എന്നോട് ഇതേ കാര്യം പറഞ്ഞു. ടി20 ലോകകപ്പിന് ശേഷം ടീം ന്യൂസിലാൻഡ് പര്യടനത്തിന് പോകും. ഇതിന് ശേഷം വിവാഹം മഹാരാഷ്ട്രയിൽ നടക്കും" അദ്ദേഹം പറഞ്ഞു.
2019 മുതല്‍ ഡേറ്റിംഗിലാണ് രാഹുലും ആതിയയും. രഹസ്യമാക്കിവച്ചിരുന്ന ബന്ധം കഴിഞ്ഞ വർഷമാണ് സോഷ്യല്‍ മീഡിയയിലൂടെ രാഹുല്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ മറ്റ് ഇന്ത്യൻ താരങ്ങളുടെ പങ്കാളികൾക്കൊപ്പം, ആതിയയും ഇംഗ്ലണ്ടിലേക്ക് പോയിരുന്നു.
ബിസിസിഐയുടെ ഔദ്യോഗിക ഫോമിൽ രാഹുൽ തന്‍റെ പങ്കാളിയായി ആതിയയുടെ പേര് രേഖപ്പെടുത്തിയതായും വിവരമുണ്ടായിരുന്നു. 2015ൽ പുറത്തിറങ്ങിയ ഹീറോയാണ് ആതിയയുടെ ആദ്യ ബോളിവുഡ് ചിത്രം. അതേസയമം ഇരുവരുടേയും വിവാഹം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ദക്ഷിണേന്ത്യൻ ആചാരപ്രകാരമുള്ള വിവാഹത്തിനായാണ് ഇരുവരും തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിവാഹം ഇരുവരുടേയും തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നാണ് ആതിയയുടെ പിതാവും ബോളിവുഡ് നടനുമായ സുനില്‍ ഷെട്ടി നേരത്തെ പ്രതികരിച്ചത്.