മുംബൈ: ഐപിഎല്ലിലെ ഏറ്റവും ഭാഗ്യം കെട്ട താരം ആരാണെന്ന ചോദ്യത്തിന് ഏറ്റവും മികച്ച ഉത്തരം ഒരുപക്ഷേ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ താരം റിങ്കു സിങ് എന്നായിരിക്കും. കഴിവുണ്ടായിട്ടും അവസരം ലഭിക്കാത്ത താരങ്ങളുടെ പട്ടിക നോക്കിയാൽ അതിൽ ഒന്നാം സ്ഥാനം റിങ്കുവിനായിരിക്കും.
2017ൽ തന്‍റെ 19-ാം വയസിൽ ഐപിഎല്ലിൽ എത്തിയെങ്കിലും റിങ്കുവിന് ഇതുവരെ വെറും 13 മത്സരങ്ങളിൽ മാത്രമാണ് കളിക്കാൻ അവസരം ലഭിച്ചിട്ടുള്ളത്. ഇത്തവണ 55 ലക്ഷം രൂപക്കാണ് റിങ്കുവിനെ കൊൽക്കത്ത തങ്ങളുടെ ക്യാമ്പിലെത്തിച്ചത്. എന്നാൽ ഈ സീസണിൽ വെറും രണ്ട് മത്സരങ്ങളിലൂടെ തന്നെ താൻ എന്താണെന്ന് കാട്ടിക്കൊടുക്കാൻ റിങ്കുവിനായിട്ടുണ്ട്.
ലഖ്‌നൗവിനെതിരായ നിർണായക മത്സരത്തിൽ 211 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തക്ക് അവസാന നിമിഷം വരെ വിജയ പ്രതീക്ഷ നൽകിയാണ് റിങ്കു പൊരുതി വീണത്. കൊൽക്കത്ത തോറ്റ് പുറത്തായെങ്കിലും 15 പന്തിൽ 40 റണ്‍സെടുത്ത റിങ്കുവിന്‍റെ പ്രകടനത്തെ വാനോളം പുകഴ്ത്തി മാനേജ്മെന്‍റും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ റിങ്കുവിനെ വരും വർഷങ്ങളിലും നിലനിർത്തുമെന്ന് കൊൽക്കത്തയുടെ മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലവും അറിയിച്ചു.
സീസണിന്‍റെ കണ്ടെത്തൽ: 'തീർച്ചയായും ഈ സീസണിന്‍റെ കണ്ടെത്തലാണ് റിങ്കു സിങ്. അടുത്ത കുറച്ച് വർഷത്തേക്ക് കൊൽക്കത്ത നിലനിർത്തുന്ന താരങ്ങളിൽ ഒരാളായിരിക്കും റിങ്കു. വരും വർഷങ്ങളിൽ അവൻ ഇതിലും മികച്ച പ്രകടനം നടത്തുമെന്നും നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കുമെന്നും നിസംശയം പറയാൻ സാധിക്കും. അവന്‍റെ പ്രകടനത്തിൽ ഞാൻ സന്തുഷ്‌ടനാണ്. മക്കല്ലം പറഞ്ഞു.
മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്യുക എന്നത് ഒട്ടുമിക്ക താരങ്ങളേയും സംബന്ധിച്ച് പ്രയാസമേറിയ കാര്യമാണ്. എന്നാൽ ഈ വർഷം രണ്ട് മത്സരങ്ങളിൽ അവൻ മധ്യനിരയിൽ തീപ്പൊരി പ്രകടനങ്ങൾ നടത്തി. ഇംഗ്ലണ്ടിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് പോകുന്നുണ്ടെങ്കിലും കൊൽക്കത്തയുമായുള്ള ബന്ധം ഇതുപോലെ തന്നെ ഞാൻ തുടരും. പ്രത്യേകിച്ച് റിങ്കു ഉൾപ്പെടെയുള്ള എല്ലാ താരങ്ങളേയും ഞാൻ പിന്തുടരും. മക്കല്ലം കൂട്ടിച്ചേർത്തു.
അവസരം കാത്ത്: 2017ല്‍ 10 ലക്ഷം രൂപയ്ക്ക് പഞ്ചാബിലൂടെയാണ് റിങ്കു ഐപിഎല്ലില്‍ എത്തുന്നത്. 2018ലാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ താരത്തിനായില്ല. നാല് സീസണില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം നിന്നിരുന്നെങ്കിലും പ്ലേയിങ് ഇലവനിൽ അധികം അവസരം ലഭിച്ചിരുന്നില്ല. 2021 സീസണില്‍ മുട്ടുകാലിലെ പരിക്കിനെ തുടര്‍ന്ന് ആദ്യ പകുതി നഷ്‌ടമാവുകയും ചെയ്തിരുന്നു.