മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ വിജയത്തുടക്കം (Ireland vs India T20I) കുറിച്ചിരുന്നു. മഴമുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു സന്ദര്‍ശകര്‍ ജയിച്ച് കയറിയത്. ഏഷ്യ കപ്പും ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ പ്രധാന താരങ്ങള്‍ക്ക് ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ജസ്‌പ്രീത് ബുംറയ്‌ക്ക് (Jasprit bumrah) കീഴില്‍ ഒരു യുവനിരയാണ് അയര്‍ലന്‍ഡിനെതിരെ കളിക്കുന്നത്.
ആദ്യ ടി20യില്‍ ഐപിഎല്‍ സെന്‍സേഷന്‍ റിങ്കു സിങ് (Rinku Singh), പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയിരുന്നു. ബോളുകൊണ്ട് തിളങ്ങിയ പ്രസിദ്ധ് കൃഷ്‌ണ പ്രതീക്ഷ കാത്തപ്പോള്‍ റിങ്കുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ റിങ്കുവിനെ പ്രശംസകള്‍ കൊണ്ട് മൂടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം കിരണ്‍ മോറെ (Kiran More on Rinku Singh).
എംഎസ് ധോണിയെയും യുവരാജ് സിങ്ങിനെയും പോലെ മികച്ച ഫിനിഷറാകാനുള്ള കഴിവ് റിങ്കുവിനുണ്ടെന്നാണ് കിരൺ മോറെ പറയുന്നത്. റിങ്കു സിങ് ഇന്ത്യയ്‌ക്കായി ബാറ്റ് ചെയ്യുന്നത് കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പറഞ്ഞു. 'അഞ്ച് അല്ലെങ്കില്‍ ആറ് നമ്പറുകളിലാണ് അവന് ബാറ്റ് ചെയ്യാന്‍ അവസരം നല്‍കേണ്ടത് (Kiran More about Rinku Singh batting position) .
ആ പൊസിഷനില്‍ മികച്ച പ്രകടനം പുറത്തെടുത്ത് മികച്ച ഫിനിഷറെന്ന നിലയിലേക്ക് ഉയരാന്‍ അവന് കഴിയും. ഇതു നമ്മള്‍ നേരത്തെ എംസ് ധോണി, യുവരാജ് സിങ് എന്നിവരില്‍ കണ്ടതാണ്. അതിന് ശേഷം അത്തരത്തില്‍ ഒരു താരത്തെ നമുക്ക് ലഭിച്ചിട്ടില്ല. അത്തരത്തിലുള്ള താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു.