ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) മൂന്നാം കിരീടം തേടി ഇന്ത്യ, ആറാം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഓസ്‌ട്രേലിയ… അവസാന ജയം ആര്‍ക്കൊപ്പമാകുമെന്ന് അറിയുന്നതിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രമാണ് (India vs Australia Final). തികച്ചും വ്യത്യസ്തമായിരുന്നു ലോകകപ്പ് ഫൈനലിലേക്കുള്ള ഇരു ടീമുകളുടെയും പ്രയാണം. കളിച്ച എല്ലാ മത്സരവും ജയിച്ച ഇന്ത്യയും തോല്‍വികളില്‍ നിന്നും കരകയറിയെത്തുന്ന ഓസീസും നേര്‍ക്കുനേര്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ ആവേശ ഫൈനല്‍ തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
ഓരോ മത്സരം കഴിയുമ്പോഴും കരുത്താര്‍ജിക്കുന്ന ഇന്ത്യയെ ആണ് ഈ ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണാന്‍ സാധിച്ചത്. മറുവശത്ത് തിരിച്ചടികളില്‍ നിന്നും കരകയറി തങ്ങള്‍ ചാമ്പ്യന്‍ ടീമാണെന്ന് തെളിയിക്കുന്ന ഓസ്‌ട്രേലിയയേയും. ഇങ്ങനെയുള്ള തുല്യശക്തികള്‍ പോരടിക്കാനിറങ്ങുമ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ കരുതിയിരിക്കേണ്ട താരങ്ങള്‍ ആരെല്ലാമെന്ന് പരിശോധിക്കാം.
രോഹിത് ശര്‍മ vs ജോഷ് ഹെയ്‌സല്‍വുഡ്:ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യന്‍ കുതിപ്പില്‍ ഏറെ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ. ഓരോ മത്സരങ്ങളിലും ടീം ഇന്ത്യയ്‌ക്ക് വെടിക്കെട്ട് തുടക്കം സമ്മാനിക്കാന്‍ ഇന്ത്യന്‍ നായകന് സാധിച്ചിട്ടുണ്ട്. ഇതുവരെയുള്ള 10 മത്സരങ്ങളില്‍ നിന്നും 124.15 സ്ട്രൈക്ക് റേറ്റില്‍ 550 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്.
നേരത്തെ ഇടംകയ്യന്‍ പേസര്‍മാര്‍ക്ക് മുന്നിലായിരുന്നു രോഹിത് പലപ്പോഴും വീണിരുന്നത്. എന്നാല്‍, ഈ ലോകകപ്പില്‍ ആ തെറ്റ് തിരുത്താന്‍ ഇന്ത്യന്‍ നായകന് സാധിച്ചു. ട്രെന്‍റ് ബോള്‍ട്ട്, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്കെതിരായ രോഹിതിന്‍റെ ബാറ്റിങ്ങെല്ലാം ഇതിനുള്ള ഉദാഹരണമാണ്.
എന്നാല്‍, ഈ ലോകകപ്പില്‍ സ്വിങ് ബൗളര്‍മാര്‍ക്കെതിരെ അത്ര മികച്ച പ്രകടനം നടത്താന്‍ രോഹിത് ശര്‍മയ്‌ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ നായകന് ഏറെ വെല്ലുവിളിയാകാന്‍ പോകുന്ന ബൗളര്‍ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ആകാനാണ് സാധ്യത. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അക്കൗണ്ട് തുറക്കും മുന്‍പ് രോഹിതിനെ വീഴ്‌ത്തിയ ബൗളറും ഹെയ്‌സല്‍വുഡാണ്.
വിരാട് കോലി vs ആദം സാംപ: ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മിന്നും ഫോമിലുള്ള ബാറ്ററാണ് വിരാട് കോലി. ഇതുവരെ കളിച്ച 10 മത്സരങ്ങളിലും സ്ഥിരതയോടെ ബാറ്റ് വീശി ടീമില്‍ തന്‍റെ റോള്‍ കൃത്യമായി ചെയ്‌ത കോലി അടിച്ചെടുത്തത് 711 റണ്‍സാണ്. ഫൈനലിലും വിരാട് കോലിയുടെ ബാറ്റിങ് മികവിനെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.