മുംബൈ:തിരുവനന്തപുരത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം വരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ ഏകദിന മത്സരത്തിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുക എന്ന് ബിസിസിഐ അറിയിച്ചു. ജനുവരി 15നാണ് മത്സരം. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20 മത്സരമാണ് തിരുവനന്തപുരത്ത് അവസാനം നടന്നത്.
അതേസമയം വരാനിരിക്കുന്ന ഹോം സീസണ് മത്സരങ്ങളുടെ തീയതിയും ബിസിസിഐ പുറത്തുവിട്ടു. ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായി നടക്കുന്ന മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളോടെയാണ് ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങളുടെ ഹോം സീസണ് ആരംഭിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെ ജനുവരി മൂന്നിന് ആരംഭിക്കുന്ന ഹോം സീസണ് മാര്‍ച്ച് 22ന് ഓസ്ട്രേലിയക്കെതിരായി നടക്കുന്ന ഏകദിന മത്സരത്തോടെയാണ് അവസാനിക്കുന്നത്.
ശ്രീലങ്കയ്ക്കെതിരെ ആദ്യം ടി20 പരമ്പരയാണ് നടക്കുക. ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ മത്സരം. അഞ്ചിന് രണ്ടാം മത്സരം പൂനെയിലും പരമ്പരയിലെ അവസാന ടി20 ഏഴിന് രാജ്കോട്ടിലും നടക്കും.
ജനുവരി 10, 12, 15 തീയതികളിലാണ് ലങ്കയ്ക്കെതിരായ പരമ്പരയിലെ ഏകദിന മത്സരങ്ങള്‍. ആദ്യ മത്സരം ഗുവാഹത്തിയിലും രണ്ടാം മത്സരം കൊല്‍ക്കത്തയിലുമാണ് നടക്കുക. പരമ്പരയിലെ അവസാന മത്സരത്തിനാണ് തിരുവനന്തപുരം വേദിയാകുന്നത്.