ദുബായ് : ഐസിസി ട്വന്‍റി 20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി വെറ്ററൻ താരം ദിനേഷ് കാർത്തിക്. 195-ാം സ്ഥാനത്ത് നിന്നും 108 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 87-ാം സ്ഥാനത്തേക്കാണ് കാർത്തിക് എത്തിയത്. ഐപിഎല്ലിലെ മികവ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലും തുടർന്നതാണ് കാർത്തിക്കിന് റാങ്കിങ്ങില്‍ മുന്നിലെത്താൻ സഹായകമായത്.
അതോടൊപ്പം ഇഷാന്‍ കിഷന്‍ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി ആറാമതെത്തി. ആറാം സ്ഥാനം ന്യൂസിലാന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയുമൊത്ത് പങ്കിടുകയാണ് കിഷന്‍. പാകിസ്ഥാന്‍ താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു. എയ്‌ഡന്‍ മാര്‍ക്രം, ഡേവിഡ് മലാന്‍, ആരോണ്‍ ഫിഞ്ച് എന്നിവരാണ് അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം കിഷൻ മാത്രമാണ്.
ടി20 ബൗളർമാരിൽ യുസ്‌വേന്ദ്ര ചാഹൽ മാത്രമാണ് ഇന്ത്യൻ നിരയിൽ നേട്ടമുണ്ടാക്കിയത്. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ആറ് വിക്കറ്റ് നേടിയ ഇന്ത്യൻ സ്‌പിന്നർ മൂന്ന് സ്ഥാനങ്ങൾ കയറി 23-ാം സ്ഥാനത്തെത്തി. അഫ്‌ഗാൻ സ്‌പിന്നര്‍ റാഷിദ് ഖാന്‍ നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ റാഷിദ് മൂന്നാമതാണ്. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ ഷംസിക്കൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയാണ് റാഷിദ്. ജോഷ് ഹേസല്‍വുഡും ആദില്‍ റഷീദും ഒന്നും രണ്ടും സ്ഥാനം നിലനിർത്തി.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. വെസ്റ്റ് ഇന്‍ഡീസിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ബംഗ്ലാദേശ് നായകൻ ഷാക്കിബ് ജഡേജയ്ക്കടുത്തെത്തി. ജഡേജയ്ക്ക് 39 പോയിന്‍റ് പിറകില്‍ രണ്ടാമതാണ് ഷാക്കിബ്. രണ്ടാമതുള്ള ഇന്ത്യൻ താരം അശ്വിനെയാണ് ഷാക്കിബ് മറികടന്നത്.
ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ പാറ്റ് കമ്മിന്‍സ് ഒന്നാമത് തുടരുന്നു. ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വിന്‍ഡീസ് പേസര്‍ കെമര്‍ റോച്ച് എട്ടാമതെത്തി.