ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങള്‍ ഒറ്റയ്‌ക്ക് വാഹനമോടിക്കരുതെന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവ്. ഡ്രൈവര്‍മാരെ ജോലിക്ക് വയ്ക്കാന്‍ കഴിവുള്ളവരാണ് കളിക്കാരനെന്നും കപില്‍ പറഞ്ഞു. റിഷഭ് പന്തിന്‍റെ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് 63കാരന്‍റെ പ്രതികരണം.
ക്രിക്കറ്റ് കരിയറിന്‍റെ തുടക്കത്തില്‍ തനിക്കുണ്ടായ ഒരു അപകടത്തിന്‍റെ ഓര്‍മയും കപില്‍ പങ്കുവച്ചു. "ഇതൊരു പാഠമാണ്. ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ ഞാന്‍ വളര്‍ന്നുവരവെ ഒരു മോട്ടോർ സൈക്കിൾ അപകടത്തെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.
അന്നുമുതൽ എന്‍റെ സഹോദരൻ എന്നെ മോട്ടോർ ബൈക്കിൽ തൊടാൻ പോലും അനുവദിച്ചില്ല. നിങ്ങൾക്ക് മികച്ച വേഗതയുള്ള കാണാന്‍ ഏറെ ഭംഗിയുള്ള കാറുകളുണ്ട്. പക്ഷേ നിങ്ങൾ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
നിങ്ങള്‍ക്ക് എളുപ്പത്തിൽ ഒരു ഡ്രൈവറെ ജോലിക്ക് വയ്ക്കാനാവും. അതിനാല്‍ ഒറ്റയ്‌ക്ക് വാഹനമോടിക്കേണ്ടതില്ല. ഡ്രൈവിങ്ങിനോട് പലര്‍ക്കും അഭിനിവേശമുണ്ടെന്ന് എനിക്കറിയാം. ഈ പ്രായത്തില്‍ അതൊക്കെ സ്വാഭാവികമാണ്.