ന്യൂഡൽഹി: ടി20 ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ ജയം സ്വന്തമാക്കി ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്തെത്തി സെമി ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം തന്നെയാണ് ഇന്ത്യയുടെ ബാറ്റിങ് ബോളിങ് യൂണിറ്റുകൾ കാഴ്‌ചവച്ചത്. എന്നാലും ഇന്ത്യൻ ടീമിന്‍റെ ബോളിങ് ഇനിയും മെച്ചപ്പെടാനുണ്ടെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്.
ഇന്ത്യയുടെ ബോളിങ് മെച്ചപ്പെട്ടിട്ടുണ്ട്. അവസാന 10 ഓവറിൽ 100 റൺസിന് മുകളിൽ സ്കോർ ചെയ്യാനായെങ്കിലും ഇന്ത്യക്ക് കൂടുതൽ റണ്‍സ് നേടാനാകുമെന്ന് എനിക്ക് തോന്നി. ഓസ്‌ട്രേലിയയിലെ മൈതാനങ്ങൾ വലിപ്പമേറിയതാണ്. അതിനാൽ തന്നെ സ്‌പിന്നർമാർക്ക് കുറച്ചുകൂടി മുൻതൂക്കം നേടിയെടുക്കാമായിരുന്നു. ഇന്ത്യയുടെ ബോളിങ്ങിൽ ഇപ്പോഴും പോരായ്‌മ ഉണ്ടെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.
നെതർലൻഡിനെപ്പോലൊരു ടീമിനെതിരെ എവിടെ പന്തെറിയണമെന്ന കാര്യത്തിലും, ലൈനിന്‍റെയും ലെങ്തിന്‍റെയും കാര്യത്തിലും കൃത്യമായ പദ്ധതി വേണമായിരുന്നു. ഇത്തരം മത്സരങ്ങൾ പരിശീലനം ആണെങ്കിൽ പോലും വിജയം അനിവാര്യമായതിനാൽ നോബോളുകളോ വൈഡുകളോ എറിയാൻ പാടില്ലായിരുന്നു. ഇന്ത്യയുടെ ബോളിങ് മികച്ചതാണെങ്കിൽ പോലും ഇപ്പോഴും ചില ലൂപ്പ് ഹോളുകൾ കാണാൻ സാധിക്കുന്നു, കപിൽ ദേവ് പറഞ്ഞു.
അതേസമയം ഇന്ത്യൻ യുവതാരം സൂര്യകുമാർ യാദവിനേയും കപിൽ ദേവ് പ്രശംസിച്ചു. സൂര്യകുമാർ യാദവ് ടീമിൽ തന്‍റെ അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടുതൽ വേഗത്തിൽ സ്‌കോർ ചെയ്യുന്നതിനാൽ അവൻ കൂടുതൽ പ്രശംസിക്കപ്പെടണം. നമ്മൾ ധാരാളം കളിക്കാരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സൂര്യകുമാറിനെപ്പോലൊരു താരത്തെ അടുത്തകാലത്ത് നമ്മൾ കണ്ടെത്തിയിട്ടില്ല.
നായകൻ രോഹിത് ശർമ കുറച്ചുകൂടി ഒതുക്കത്തോടെ കളിക്കണമെന്നും കെഎൽ രാഹുൽ കൂടുതൽ റണ്‍സ് സ്‌കോർ ചെയ്യണമെന്നും ഇന്ത്യക്കാർ ആഗ്രഹിക്കുന്നു. വിരാട് കോലിയാണ് ടീമിന് അടിത്തറ നൽകേണ്ടത്. കാരണം അദ്ദേഹത്തിന് മത്സരത്തെ മാറ്റിമറിക്കാൻ കഴിയും. അദ്ദേഹത്തിന് 20 ഓവറുകൾ മുഴുവൻ കളിക്കാനുള്ള അവസരം ലഭിച്ചാൽ ഇന്ത്യക്ക് ഏത് വലിയ ടോട്ടലും പിന്തുടരാനാകുമെന്നും കപിൽ ദേവ് കൂട്ടിച്ചേർത്തു.