എഡ്‌ജ്‌ബാസ്റ്റണ്‍:ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ടെസ്റ്റില്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് കീഴിലാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത്. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ കൊവിഡ് ബാധിച്ച് പുറത്തായതോടെയാണ് ബുംറയ്‌ക്ക് അവസരം ലഭിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ് ബൗളിങ് തിരഞ്ഞെടുത്തിരുന്നു.
ടോസിന് ശേഷമുള്ള അഭിമുഖത്തിനിടെ നടന്ന രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുന്ന ആദ്യ പേസറാണ് ബുംറയെന്ന് അവതാരകന്‍ മാര്‍ക് ബൗച്ചര്‍ പറഞ്ഞിരുന്നു. എന്നാല്‍ ദേശീയ ടീമിനെ നയിക്കുന്ന ആദ്യ പേസറല്ല താനെന്ന് ബുംറ ബൗച്ചറെ തിരുത്തുകയായിരുന്നു.
കപില്‍ ദേവാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിച്ച ആദ്യ പേസ് ബൗളറെന്നും താരം പറഞ്ഞു. തുടര്‍ന്ന് കപിൽ ഒരു ഓൾറൗണ്ടര്‍ ആയിരുന്നുവെന്ന് പറഞ്ഞ് രക്ഷപ്പെട്ട ബൗച്ചര്‍ ബുംറയുടെത് ശരിയായ നിരീക്ഷണമാണെന്നും വ്യക്തമാക്കി. 1983 മുതൽ 1987 വരെയാണ് കപില്‍ ദേവ് ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിച്ചത്.
എഡ്‌ജ്‌ബാസ്റ്റണില്‍ ഇന്ത്യയെ നയിക്കുന്നതോടെ 35 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ ക്യാപ്‌റ്റനാവുന്ന പേസ് ബൗളർ എന്ന നേട്ടം സ്വന്തമാക്കാനും ബുംറയ്‌ക്ക് കഴിഞ്ഞു. ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന 36-ാമത്തെ നായകനാണ് ബുംറ. ഇംഗ്ലണ്ടിൽ 1932ല്‍ ടെസ്റ്റ് പര്യടനം ആരംഭിച്ച ഇന്ത്യയ്‌ക്ക് ഇതുവരെ അഞ്ച് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പര ജയിക്കാനായിട്ടില്ല.
ഇതോടെ പുതിയ നായകന്‍ ജസ്‌പ്രീത് ബുംറയ്‌ക്കും സംഘത്തിനും 90 വര്‍ഷത്തെ ചരിത്രം മാറ്റാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടോസിനിടെ തന്നെ തിരുത്തി തുടങ്ങിയ ബുംറയ്‌ക്ക് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനാവുമെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവച്ച അവസാന മത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
നിലവില്‍ 2-1ന് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. ഇതോടെ എഡ്‌ജ്‌ബാസ്റ്റണില്‍ സമനിലയില്‍ പിടിച്ചാല്‍ പോലും ഇന്ത്യയ്‌ക്ക് പുതുചരിത്രം കുറിക്കാം.
also read: സഞ്‌ജു വിരമിക്കണം, ബിസിസിഐയുടേത് അനീതി; പൊട്ടിത്തെറിച്ച് ആരാധകര്‍