സിഡ്‌നി : ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനത്തോടെ ഇന്ത്യയ്‌ക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ശ്രേയസ് അയ്യരെ അഭിനന്ദിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. ശ്രേയസ് ടെസ്റ്റ് ക്യാപ്പണിയുന്ന വീഡിയോ പങ്കുവച്ച് ട്വിറ്ററിലൂടെയാണ് പോണ്ടിങ്ങിന്‍റെ അഭിനന്ദനം. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറാണ് ശ്രേയസിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്.
'ഏതാനും വര്‍ഷങ്ങളായി ചെയ്ത അധ്വാനമെല്ലാം കാണുമ്പോള്‍ ഇത് നിനക്ക് തീര്‍ച്ചയായും അര്‍ഹതപ്പെട്ടതാണ്, ഇതൊരു തുടക്കം മാത്രമാണ്. നിന്നെക്കുറിച്ച് അഭിമാനിക്കുന്നു.' പോണ്ടിങ് ട്വിറ്ററില്‍ കുറിച്ചു.
2020ല്‍ ശ്രേയസ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലേക്ക് നയിച്ചപ്പോള്‍ പരിശീലകനായി പോണ്ടിങ്ങും കൂടെയുണ്ടായിരുന്നു. അതേസമയം 2017ല്‍ താരം ഇന്ത്യയ്‌ക്കായി ഏകദിന അരങ്ങേറ്റം നടത്തിയെങ്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയത്. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തുന്ന 303ാമത്തെ പുരുഷ താരമാണ് ശ്രേയസ്.