ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്ല്യംസണ്‍ കളിച്ചേക്കും. കൊവിഡ് പിടിപ്പെട്ടതിനെ തുടര്‍ന്ന് താരത്തിന് പരമ്പരയിലെ രണ്ടാം മത്സരം നഷ്‌ടമായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരം ഇന്ന് (23-06-2022) ഹെഡിംഗ്‌ലിയില്‍ തുടങ്ങും.
നോട്ടിംഗ്ഹാം ടെസ്‌റ്റ് മത്സരത്തിന് തലേദിവസമാണ് കിവീസ് നായകന്‍ വില്ല്യംസണ് കൊവിഡ് സ്ഥിരീകരിച്ചത്. പരമ്പരയിലെ നിര്‍ണായക മത്സരം കൊവിഡ് മൂലം നഷ്‌ടപ്പെട്ടതില്‍ നിരാശനാണ്. എന്നാല്‍ ഇപ്പോള്‍ ടീമിലേക്ക് മടങ്ങിവന്നതില്‍ സന്തോഷമുണ്ടെന്ന് ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ കെയ്‌ന്‍ വില്ല്യംസണ്‍ അഭിപ്രായപ്പെട്ടു.
നായകന്‍റെ ആരോഗ്യപ്രശ്‌നങ്ങള്‍ രണ്ടാം മത്സരത്തില്‍ കനത്ത വെല്ലുവിളിയാണ് കിവീസിനുയര്‍ത്തിയത്. 299 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 93 റണ്‍സിന് നാല് വിക്കറ്റ് നഷ്‌ടമായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയുടേയും, നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്‍റെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ആതിഥേയര്‍ക്ക് 5 വിക്കറ്റിന്‍റെ വിജയവും പരമ്പരയും സമ്മാനിച്ചത്.
അഭിമുഖത്തില്‍ രണ്ടാം മത്സരത്തിലെ ബെയര്‍സ്‌റ്റോയുടെ ബാറ്റിങ് മികവിനെയും കിവീസ് നായകന്‍ പ്രശംസിച്ചു. ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്‌ടനായി തുടരാന്‍ ആഗ്രഹമുണ്ടെന്നു ലോകത്തിലെ മികച്ചടീമായി മാറുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും വില്ല്യംസണ്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മെക്കല്ലം വിരമിച്ചതിന് പിന്നാലെ 2016ലാണ് വില്ല്യംസണെ ന്യൂസിലന്‍ഡ് നായകനായി നിയമിച്ചത്.
പ്രഥമ ഐസിസി ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെ ചാമ്പ്യനാക്കിയത് കെയ്‌ന്‍ വില്ല്യംസണാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചായിരുന്നു ന്യൂസിലാന്‍ഡിന്‍റെ കിരീടനേട്ടം.