അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ അഹമ്മദാബാദ് ടെസ്റ്റ് അവസാനിക്കും മുമ്പ് തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം നേടാന്‍ ഇന്ത്യയ്‌ക്കായി. പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞതോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് ബെര്‍ത്ത് ലഭിച്ചത്. പോയിന്‍റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ നേരത്തെ തന്നെ ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോരിന് യോഗ്യത നേടിയിരുന്നു.
68.52 പോയിന്‍റ് ശരാശരിയോടെയാണ് സംഘം ഫൈനലിന് ടിക്കറ്റ് ഉറപ്പിച്ചത്. എന്നാല്‍ ശ്രീലങ്കയ്‌ക്ക് എതിരായ ക്രൈസ്റ്റ്‌ചർച്ച് ടെസ്റ്റിലെ കെയ്‌ന്‍ വില്യംസണിന്‍റെ പോരാട്ട മികവാണ് ഇന്ത്യയ്‌ക്ക് വഴിയൊരുക്കിയത്. മത്സരത്തില്‍ അപരാജിത സെഞ്ചുറിയുമായി കെയ്‌ന്‍ വില്യംസണ്‍ തിളങ്ങിയതോടെ അവസാന പന്തില്‍ ശ്രീലങ്ക തോല്‍വി വഴങ്ങുകയായിരുന്നു.
കിവീസിനെതിരായ രണ്ട് മത്സര പരമ്പര തൂത്തുവാരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ശ്രീലങ്കയ്‌ക്ക് കഴിയുമായിരുന്നു. 53.33 പോയിന്‍റ് ശരാശരിയോടെയാണ് ശ്രീലങ്ക ന്യൂസിലന്‍ഡിനെതിരെ കളിക്കാന്‍ എത്തിയത്. പക്ഷെ പരമ്പരയിലെ ആദ്യ മത്സരം തന്നെ കൈമോശം വന്നതതോടെ ഇതു 52.78 എന്ന നിലയിലേക്ക് കുറഞ്ഞു.
പരമ്പര ഏകപക്ഷീയമായി സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ടീമിന്‍റെ പോയിന്‍റ് ശരാശരി 61.11 എന്നതിലേക്ക് ഉയര്‍ന്നേനെ. മറുവശത്ത് നിലവില്‍ 60.29 പോയിന്‍റ് ശരാശരിയാണ് ഇന്ത്യയ്‌ക്കുള്ളത്. അഹമ്മദാബാദ് ടെസ്റ്റ് വിജയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇന്ത്യയ്‌ക്ക് 62.5 എന്ന പോയിന്‍റ് ശരാശരിയിലേക്ക് എത്താമായിരുന്നു. ഇതോടെ മറ്റ് ടീമുകളെ ആശ്രയിക്കാതെ തന്നെ സംഘത്തിന് ഫൈനലും ഉറപ്പിക്കാമായിരുന്നു. പക്ഷെ അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്കെന്ന് ഉറപ്പിച്ച സാഹചര്യത്തില്‍ ന്യൂസിലന്‍ഡിനെതിരായ ശ്രീലങ്കയുടെ തോല്‍വി ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്‌തു.