ചെന്നൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) വിജയക്കുതിപ്പ് തുടരുന്ന ന്യൂസിലന്‍ഡിന് വീണ്ടും തിരിച്ചടിയായി നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ (Kane Williamson) പരിക്ക്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ വില്യംസണിന്‍റെ കൈവിരലിനാണ് പരിക്കേറ്റത് (Kane Williamson Injury). ഈ സാഹചര്യത്തില്‍ അഫ്‌ഗാനിസ്ഥാനെതിരായ കിവീസിന്‍റെ അടുത്ത മത്സരം വില്യംസണിന് നഷ്‌ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, ഇക്കഴിഞ്ഞ ഐപിഎല്ലിനിടെ പരിക്കേറ്റ വില്യംസണ്‍ ആറ് മാസത്തോളം കളിക്കളത്തിന് പുറത്തായിരുന്നു. തുടര്‍ന്ന് ഈ ലോകകപ്പിലൂടെയാണ് താരം കിവീസ് ടീമിലേക്ക് മടങ്ങിയെത്തിയത്. ലോകകപ്പില്‍ ന്യൂസിലന്‍ഡിന്‍റെ ആദ്യ രണ്ട് സന്നാഹ മത്സരങ്ങളിലും വില്യംസണ്‍ കളിക്കാനിറങ്ങി.
ഇതിന് പിന്നാലെ ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിക്കാതെ വന്നതോടെ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും വില്യംസണ്‍ കളിച്ചിരുന്നില്ല. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്‌ടപ്പെട്ട താരം ഇന്നലെ (ഒക്‌ടോബര്‍ 13) ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ഈ മത്സരത്തില്‍ ബാറ്റ് കൊണ്ട് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാനും കിവീസ് നായകന് സാധിച്ചു.
ചെപ്പോക്കില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 246 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനായി മൂന്നാമനായി ക്രീസിലെത്തിയ വില്യംസണ്‍ നിലയുറപ്പിച്ച് റണ്‍സ് കണ്ടെത്താനായിരുന്നു ശ്രമിച്ചത്. ഈ ശ്രമത്തില്‍ താരം വിജയിക്കുകയും ചെയ്‌തിരുന്നു. 107 പന്തില്‍ 78 റണ്‍സുമായി ക്രീസില്‍ നില്‍ക്കവെയായിരുന്നു വില്യംസണ് പരിക്കേല്‍ക്കുന്നത്.