ലിസ്ബണ്‍: ഇറ്റാലിയന്‍ വമ്പൻമാരായ യുവന്‍റസ് ചാമ്പ്യന്‍സ് ലീഗിന്‍റെ നോക്കൗട്ട് സ്റ്റേജ് കാണാതെ പുറത്ത്. പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കക്കെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതോടെയാണ് യുവന്‍റസിന് പുറത്തേക്കുള്ള വഴി തുറന്നത്. 4-3 നായിരുന്നു മത്സരത്തിൽ യുവന്‍റസിന്‍റെ തോൽവി. 2013-14ന് ശേഷം ആദ്യമായാണ് യുവന്‍റസ് ചാമ്പ്യന്‍സ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത്.
ഇരട്ട ഗോളുകള്‍ നേടിയ റാഫ സില്‍വയാണ് യുവന്‍റസിനെ തകർത്തത്. ആരാധകരെ ആവേശത്തിലാക്കി ബെന്‍ഫിക്ക 17-ാം മിനിട്ടില്‍ തന്നെ ആദ്യ ഗോൾ നേടി. അന്‍റോണിയോ സില്‍വയുടെ വകയായിരുന്നു ഗോൾ. എന്നാൽ ആവേശം അടങ്ങും മുന്നേ യുവന്‍റസ് സമനില ഗോൾ നേടി. 21-ാം മിനിട്ടിൽ മോയിസ് കീനിന്‍റെ വകയായിരുന്നു ഗോൾ.
തൊട്ടുപിന്നാലെ 28-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി മരിയോ വലയിലെത്തിച്ചതോടെ ബെന്‍ഫിക്ക മുന്നിലെത്തി. ആക്രമണം കടുപ്പിച്ച് മുന്നേറിയ ബെന്‍ഫിക്ക 35-ാം മിനിറ്റില്‍ റഫയുടെ ഗോളോടെ ലീഡ് ഉയര്‍ത്തി. ഇതോടെ ആദ്യ പകുതി 3-1 സ്‌കോറിന് അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെൻഫിക്ക വീണ്ടും വലകുലുക്കി. 50-ാം മിനിട്ടിൽ റാഫയുടെ വകയായിരുന്നു ഗോൾ.