മെൽബണ്‍ : ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവച്ച് ജസ്റ്റിൻ ലാംഗർ. ലാംഗറിന്‍റെ പരിശീലന ശൈലിയോട് ടീമിലെ താരങ്ങളിൽ തന്നെ വിയോജിപ്പുണ്ടായ സാഹചര്യത്തിലാണ് രാജി. ജൂണിൽ ടീമുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് ലാംഗറിന്‍റെ അപ്രതീക്ഷിത പടിയിറക്കം. ഓസീസ് ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡിനാണ് ഇടക്കാല ചുമതല.
2018 ലെ പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് മുൻ പരിശീലകൻ ഡാരൻ ലേമാൻ രാജിവച്ചതിനെത്തുടർന്നാണ് ലാംഗർ പരിശീലക വേഷം ഏറ്റെടുത്തത്. ലാംഗറുടെ കീഴിൽ വലിയ നേട്ടങ്ങളാണ് ഓസീസ് കൊയ്‌തത്. ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പും, ആഷസ് പരമ്പരയും ലാംഗറുടെ കീഴിൽ ഓസീസ് നേടി. എന്നാൽ ലാംഗറുടെ പരിശീലന രീതിയിൽ പല മുതിർന്ന താരങ്ങളും എതിര്‍പ്പ് ഉന്നയിച്ചിരുന്നു.