മുംബൈ: കഴിഞ്ഞ സീസണുകളില്‍ നിന്നും വിപരീതമായി വിജയ വഴിയിലാണ് ഇക്കുറി രാജസ്ഥാന്‍ റോയല്‍സ്. സഞ്‌ജു സാംസണ്‍ നയിക്കുന്ന ടീമിന് നിരവധി ആരാധകരുമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയായിരുന്നു രാജസ്ഥാന്‍ തോല്‍പ്പിച്ചത്.
മത്സരത്തില്‍ സെഞ്ചുറി നേടിയ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഇപ്പോഴിതാ മുണ്ടുടുത്ത സഞ്‌ജുവിന്‍റേയും ബട്‌ലറുടേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പിങ്ക് നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച് കറുത്ത മുണ്ടുടുത്താണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
'അടിപൊളി ബട്‌ലര്‍ ചേട്ടൻ' എന്ന തലക്കെട്ടില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. ഇതിന് പിന്നാലെ സഞ്ജുവിനൊപ്പം യുസ്‌വേന്ദ്ര ചാഹൽ, റിയാൻ പരാഗ്, ഡാർയിൽ മിച്ചെൽ എന്നിവര്‍ മുണ്ടുടുത്തു നിൽക്കുന്ന ഒരു വീഡിയോയും രാജസ്ഥാന്‍ പുറത്ത് വിട്ടിട്ടുണ്ട്. ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
also read: IPL 2022: ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നില്‍ 'സ്വാതന്ത്ര്യവും സുരക്ഷയും': കുല്‍ദീപ് യാദവ്
ഏപ്രില്‍ 25ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം. സീസണില്‍ തങ്ങളുടെ എട്ടാം മത്സരത്തിന് രാജസ്ഥാനിറങ്ങുമ്പോള്‍ ബാംഗ്ലൂരിനിത് ഒമ്പതാം മത്സരമാണ്.