ബെംഗളൂരു: ക്രിക്കറ്റിലെ ഫീല്‍ഡിങ് മികവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ ആദ്യമെത്തുന്ന പേരുകളിലൊന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജോണ്ടി റോഡ്‌സിന്‍റേത് (Jonty Rhodes). കളിക്കളത്തിലെ ചടുലതയാര്‍ന്ന പ്രകടനങ്ങളാല്‍ പലതവണ ആരാധകരെ അമ്പരപ്പിക്കാന്‍ ജോണ്ടി റോഡ്‌സിന് കഴിഞ്ഞിരുന്നു. നിലവില്‍ ഇന്ത്യയിലുള്ള ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഇവിടെ നിന്നുള്ള തന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്.
ഇക്കൂട്ടത്തില്‍ ബെംഗളൂരുവിലെ ഒരു പ്രാദേശിക റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രവും 54-കാരന്‍ പങ്കുവച്ചിരുന്നു. കാര്‍ ഡ്രൈവര്‍ നിര്‍ദേശിച്ചത് അനുസരിച്ച് രുചികരമായ മംഗളൂരു ബണ്ണും മൈസൂരു മസാല ദോശയും കഴിച്ചുവെന്ന് എഴുതിക്കൊണ്ടായിരുന്നു താരം ചിത്രം പങ്കിട്ടത്. ഭക്ഷണം കഴിക്കുന്ന ജോണ്ടി റോഡ്‌സിന് മറുപുറത്ത് മറ്റൊരാളും ഇരിക്കുന്നതായിരുന്നു ചിത്രം.
എന്നാല്‍ 54-കാരന്‍ പ്രതീക്ഷിച്ച പ്രതികരണം മാത്രമായിരുന്നില്ല പ്രസ്‌തുത ചിത്രത്തിന് ലഭിച്ചത്. തൊട്ടടുത്തിരിക്കുന്ന ഡ്രൈവര്‍ക്ക് കൊടുക്കാതെ ഭക്ഷണം കഴിച്ചുവെന്ന് ആരോപിച്ച് ജോണ്ടി റോഡ്‌സിനെ എടുത്തിട്ട് അലക്കുകയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആളുകള്‍ ചെയ്‌തത്. ഇപ്പോഴിതാ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം (Jonty Rhodes on Controversial photo).
ഫോട്ടോയില്‍ തന്‍റെ എതിരെ ഇരിക്കുന്നത് ഡ്രൈവറല്ലെന്നും അപരിചിതനായ ഒരു വ്യക്തിയാണെന്നുമാണ് ജോണ്ടി റോഡ്‌സിന്‍റെ വിശദീകരണം. "എന്നെ വിമര്‍ശിച്ചുകൊണ്ടു ലഭിച്ച കമന്‍റിന് എന്തു മറുപടി നല്‍കണമെന്നായിരുന്നു ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആലോചിച്ചുകൊണ്ടിരുന്നത്. ടേബിളില്‍ എനിക്ക് എതിര്‍വശത്ത് ഇരിക്കുന്ന വ്യക്തി ഒരു അപരിചിതനാണ്.