സിഡ്‌നി: പാകിസ്ഥാനെതിരായ മുന്ന് മത്സര ടെസ്റ്റ് പരമ്പരയോടെ ഫോര്‍മാറ്റില്‍ നിന്നും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ വിരമിച്ചിരുന്നു. ഹോം ഗ്രൗണ്ടായ സിഡ്‌നിയില്‍ വൈകാരികമായ യാത്രയയപ്പായിരുന്നു 37-കാരന് ആരാധകര്‍ നല്‍കിയത്. (David Warner Test retirement). പരമ്പരയ്‌ക്കിടെ ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിമരിക്കല്‍ പ്രഖ്യാപിച്ച വാര്‍ണര്‍ ഇനി ടി20യില്‍ മാത്രമായിരിക്കും ഓസ്‌ട്രേലിയയ്‌ക്കായി കളിക്കുക.
ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പോടെ ഒരു പക്ഷെ തന്‍റെ അന്താരാഷ്‌ട്ര കരിയറിന് തന്നെ വാര്‍ണര്‍ വിരാമമിട്ടേക്കാം. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ 15 വർഷമായി ഓസ്‌ട്രേലിയയ്‌ക്കായി ഫോർമാറ്റുകളിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ഡേവിഡ് വാർണറെ 'ക്രിക്കറ്റിലെ മഹാന്മാരിൽ' ഒരാളായി പരിഗണിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പരിശീകന്‍ ജോൺ ബുക്കാനൻ.
ഡോൺ ബ്രാഡ്‌മാൻ, ഗ്ലെൻ മഗ്രാത്ത്, ഷെയ്ൻ വോൺ എന്നിവര്‍ക്കാണ് ഓസീസ് നിരയില്‍ നിന്നും അത്തരമൊരു വിശേഷണം അര്‍ഹിക്കുകയെന്നും ജോൺ ബുക്കാനൻ പറഞ്ഞു. "കരിയറിൽ അവന്‍ തീർച്ചയായും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. 100-ലധികം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അവന്‍ ഫോര്‍മാറ്റില്‍ 8000-ത്തിലധികം റൺസ് നേടിയിട്ടുണ്ട്.
160-ലധികം ഏകദിനങ്ങളും ഏകദേശം 100 ടി20കളും അവന്‍ കളിച്ചിട്ടുണ്ട്. പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ അവൻ ഏറെ മികച്ച താരമാണ്. പക്ഷെ, എക്കാലത്തേയും മികച്ച താരമെന്ന് പറയാനാവുമോ?.. എന്‍റെ അഭിപ്രായത്തിൽ, മറ്റുള്ളവർക്ക് കഴിയാത്ത അസാധാരണമായ എന്തെങ്കിലും ചെയ്‌തിട്ടുള്ളവരെയാണ് കളിയിലെ മഹാന്മാരായി കണക്കാക്കാന്‍ കഴിയുക.
ബ്രാഡ്‌മാൻ, മഗ്രാത്ത്, വോണ്‍ എന്നിവരെയാണ് ഞാന്‍ അത്തരത്തില്‍ കാണുന്നത്. എന്‍റെ അഭിപ്രായത്തില്‍ അവരാണ് മഹാന്മാര്‍. മറ്റുള്ളവർ അതിന്‍റെ അടുത്തേക്ക് എത്തിയേക്കാം. എന്നാല്‍ അവര്‍ ആ വിഭാഗത്തില്‍ പെടുന്നവരല്ല. വാർണറെയും ഞാന്‍ ആ വിഭാഗത്തിൽ കാണുന്നില്ല" - ജോൺ ബുക്കാനൻ പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്ക് രണ്ട് ലോക കിരീടങ്ങള്‍ നേടിക്കൊടുത്ത പരിശീലകനാണ് ജോൺ ബുക്കാനൻ.