എഡ്‌ജ്‌ബാസ്റ്റണ്‍:ടെസ്റ്റ് ക്രിക്കറ്റില്‍ മിന്നുന്ന ഫോമിലാണ് ഇംഗ്ലീഷ് താരം ജോ റൂട്ട്. ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ ഫോര്‍മാറ്റില്‍ 10,000 റണ്‍സ് തികച്ച താരം ഇന്ത്യയ്‌ക്ക് എതിരെയും മികവ് ആവര്‍ത്തിച്ചു. എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ജോണി ബെയര്‍സ്റ്റോയോടൊപ്പം സെഞ്ച്വറി നേടി പുറത്താവാതെ നിന്ന റൂട്ട് ഇംഗ്ലണ്ടിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
173 പന്തില്‍ 19 ഫോറും ഒരു സിക്‌സും സഹിതം 142 റണ്‍സായിരുന്നു റൂട്ടിന്‍റെ സമ്പാദ്യം. ഇന്ത്യയ്‌ക്ക് എതിരായി റൂട്ടിന്‍റെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്. 45 ഇന്നിങ്‌സുകളിലാണ് ഇംഗ്ലണ്ട് ബാറ്ററുടെ നേട്ടം. ഇതോടെ ഇന്ത്യയ്‌ക്ക് എതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കാനും ജോ റൂട്ടിന് കഴിഞ്ഞു.
എട്ട് സെഞ്ച്വറികളുള്ള ഓസ്‌ട്രേലിയയുടെ മുന്‍ താരം റിക്കി പോണ്ടിങ് (51 ഇന്നിങ്‌സ്), വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസങ്ങളായ ഗാരി സോബേഴ്‌സ് (30 ഇന്നിങ്‌സ്), വിവിയന്‍ റിച്ചാര്‍ഡ്‌സ് (41 ഇന്നിങ്‌സ്), ഓസീസിന്‍റെ സ്റ്റീവ് സ്‌മിത്ത് (28 ഇന്നിങ്‌സ്) എന്നിവരെയാണ് റൂട്ട് മറികടന്നത്.