അഡ്‌ലെയ്‌ഡ് : ആഷസ് ടെസ്റ്റിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ റെക്കോഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുകയാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ഒരു കലണ്ടർ വർഷത്തിൽ ടെസ്റ്റിൽ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് റൂട്ട്. രണ്ടാം ആഷസ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ 62 റണ്‍സുമായി പുറത്തായ താരം മറികടന്നതാകട്ടെ സാക്ഷാൽ സച്ചിനെയും, സുനിൽ ഗവാസ്കറെയും, ഓസീസ് താരം മൈക്കല്‍ ക്ലാർക്കിനേയും.
നിലവിൽ 1606 റണ്‍സാണ് റൂട്ടിന്‍റെ സമ്പാദ്യം. ഗവാസ്‌കര്‍ 1979ല്‍ നേടിയ 1555 റണ്‍സും സച്ചിന്‍ 2010ല്‍ കുറിച്ച 1562 റണ്‍സും, 2012ല്‍ ഓസീസ് മുന്‍താരം മൈക്കല്‍ ക്ലാര്‍ക്ക് നേടിയ 1595 റണ്‍സുമാണ് റൂട്ട് മറികടന്നത്. ഗാബയില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിനിടെ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്, ലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, നിലവിലെ ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെയും റൂട്ട് പിന്നിലാക്കിയിരുന്നു.