ലണ്ടന്‍:അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 11,000 റണ്‍സ് നേടുന്ന താരമായി ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട്. അയര്‍ലന്‍ഡിനെതിരായി ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയതോടെയാണ് റൂട്ട് നേട്ടത്തിലേക്ക് എത്തിയത്. ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ജോ റൂട്ട് മറികടന്നത്.
ടെസ്റ്റ് കരിയറിലെ 130-ആം മത്സരത്തിലാണ് ജോ റൂട്ട് 11,000 റണ്‍സ് നേടിയത്. ബ്രയാന്‍ ലാറ 131 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് 11,000 റണ്‍സ് നേടുന്ന താരമായും ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ മാറി.
പത്ത് വര്‍ഷവും 171 ദിവസവും കൊണ്ടാണ് റൂട്ട് 11,000 ടെസ്റ്റ് റണ്‍സ് നേടിയത്. ഇംഗ്ലണ്ടിന്‍റെ തന്നെ മുന്‍താരം അലിസ്റ്റര്‍ കുക്കിനെ മറികടന്നാണ് റൂട്ട് ഈ നേട്ടത്തിലെത്തിയത്. 10 വര്‍ഷം 209 ദിവസം കൊണ്ടായിരുന്നു അലിസ്റ്റര്‍ കുക്ക് ഈ നേട്ടത്തിലെത്തിയത്.
ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് (13 വര്‍ഷം, 149 ദിവസം), ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര (13 വര്‍ഷം, 199 ദിവസം), മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് എന്നിവരാണ് ഈ പട്ടികയിലെ മറ്റുതാരങ്ങള്‍. ടെസ്റ്റ് ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ അതിവേഗം 11,000 റണ്‍സടിക്കുന്ന എട്ടാമത്തെ താരം കൂടിയാണ് റൂട്ട്. കരിയറിലെ 238-ാം ഇന്നിങ്‌സിലാണ് റൂട്ട് നേട്ടത്തിലേക്കെത്തിയത്.
അതേസമയം, അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ നാലാമനായിട്ടായിരുന്നു ജോ റൂട്ട് ക്രീസിലേക്കെത്തിയത്. 'ബാസ്ബോള്‍' ശൈലിയിലായിരുന്നു താരം മത്സരത്തില്‍ ബാറ്റ് വീശിയത്. മത്സരത്തില്‍ നേരിട്ട 55-ാം പന്തില്‍ റൂട്ട് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി.