ദുബായ്: ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റര്‍ ജെമിമ റോഡ്രിഗസിന് 2022 ഓഗസ്റ്റിലെ മികച്ച വനിത താരത്തിനുള്ള പുരസ്‌കാരത്തിന് നാമനിർദേശം(ഐസിസി പ്ലയര്‍ ഓഫ് ദി മന്ത്). ഓസ്‌ട്രേലിയയുടെ ബെത്ത് മൂണി, താലിയ മഗ്രാത്ത് എന്നിവരും നാമനിർദേശ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അടുത്തിടെ അവസാനിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായ താരമാണ് ജെമിമ റോഡ്രിഗസ്.
അഞ്ച് മത്സരങ്ങളില്‍ 146 റണ്‍സടിച്ച താരം ടൂര്‍ണമെന്‍റിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാമതായിരുന്നു. ബാര്‍ബഡോസിനെതിരെ 46 പന്തില്‍ 56 റണ്‍സടിച്ച ജമീമയുടെ മികവിലാണ് ഇന്ത്യ സെമിയുറപ്പിച്ചത്. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ തിളങ്ങിയ താരം 31 പന്തില്‍ 44 റണ്‍സടിച്ചാണ് ഇന്ത്യയ്‌ക്ക് ഫൈനല്‍ ഉറപ്പിച്ചത്.