മിര്‍പൂര്‍:ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സര്‍പ്രൈസ് മാറ്റം വരുത്തിയാണ് ഇന്ത്യന്‍ ടീം പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിലെ മികച്ച താരമായിരുന്ന ഇടംകയ്യന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയപ്പോള്‍ പേസര്‍ ജയ്‌ദേവ് ഉനദ്‌കട്ടിനാണ് അന്തിമ ഇലവനില്‍ സ്ഥാനം ലഭിച്ചത്. അത്യപൂര്‍വ നേട്ടം സ്വന്തമാക്കിയായിരുന്നു താരം മൈതാനത്തേക്കിറങ്ങിയത്.
നീണ്ട 12 വര്‍ഷത്തെ ഇടവേളയക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഉനദ്‌കട്ട് ഇന്ത്യന്‍ കുപ്പായമണിയുന്നത്. 2010ല്‍ സെഞ്ചൂറിയിനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയിരുന്നു താരം ആദ്യമായും അവസാനമായും ഒരു ടെസ്റ്റ് മത്സരം കളിച്ചിരുന്നത്. ഇന്ന് പ്ലെയിങ് ഇലവനില്‍ എത്തിയതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ മത്സരം നഷ്‌ടമാകുന്ന ഇന്ത്യന്‍ താരമെന്ന അപൂര്‍വ റെക്കോഡും ഉനദ്‌കട്ടിന് സ്വന്തമായി.
ധോണി ക്യാപ്‌റ്റനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ടീം അംഗങ്ങളുമായിരുന്നപ്പോഴായിരുന്നു ഉനദ്‌കട്ടിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. തുടര്‍ന്ന് ധോണിയും സച്ചിനും വിരമിക്കുകയും ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനായെത്തുകയും ചെയ്തു. ഇക്കാലയളവില്‍ 118 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്.
ഇതിലൊന്നിലും ഇടംകയ്യന്‍ പേസറിന് അവസരം ലഭിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ വിക്കറ്റ് നേടാനും ഉനദ്‌കട്ടിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇതിനിടെ 2013ല്‍ ഏകദിന ടീമിലെത്തിയ ഉനദ്‌കട്ട് 7 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചിരുന്നു.
2014ല്‍ ടി20 ജേഴ്‌സിയണിഞ്ഞ താരം 10 മത്സരങ്ങളിലും കളിച്ചു. ഒടുവില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരത്തിന് ടീമിലേക്ക് വിളിയെത്തുന്നത്. മടങ്ങിവരവില്‍ രാജ്യാന്തര കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റും താരം സ്വന്തമാക്കി. രണ്ടാം മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ ബംഗ്ലാ ഓപ്പണര്‍ സകീര്‍ ഹസനെയാണ് ഉനദ്‌കട്ട് മടക്കിയത്.