കറാച്ചി:ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ (ODI World Cup) പാകിസ്ഥാന്‍ (Pakistan) ടീം പങ്കെടുക്കരുതെന്ന് പാക് മുന്‍താരം ജാവേദ് മിയാന്‍ദാദ് (Javed Miandad). ബിസിസിഐ (BCCI) ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ സമ്മതിക്കുന്നത് വരെ, ലോകകപ്പ് ഉള്‍പ്പടെയുള്ള മത്സരങ്ങള്‍ക്കായി പാക് ടീം ഇന്ത്യയിലേക്കും പോകരുതെന്ന് അദ്ദേഹം പറഞ്ഞു. ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍റെ പങ്കാളിത്തത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് മിയാന്‍ദാദിന്‍റെ പ്രതികരണം.
'2012, 2016 വര്‍ഷങ്ങളില്‍ പാകിസ്ഥാന്‍ ടീം ഇന്ത്യയിലെത്തി. ഇക്കാര്യത്തില്‍ ഞാന്‍ ആണ് തീരുമാനമെടുക്കുന്നതെങ്കില്‍ ലോകകപ്പ് ഉള്‍പ്പടെയുള്ള ഒരു മത്സരത്തിനായും പാകിസ്ഥാന്‍ ടീമുമായും ഇന്ത്യയിലേക്ക് പോകില്ല. ഞങ്ങള്‍ ഇന്ത്യയെ ഇവിടെ കളിപ്പിക്കാന്‍ എപ്പോഴും ഒരുക്കമാണ്. പക്ഷെ, അവര്‍ അതിനോട് അനുകൂലമായ നിലപാടല്ല പലപ്പോഴും സ്വീകരിക്കുന്നത്.
പാകിസ്ഥാന്‍ ക്രിക്കറ്റും ബൃഹത്തായതാണ്. ഞങ്ങള്‍ക്കും ഒരുപാട് മികച്ച താരങ്ങളുണ്ട്. എപ്പോഴും മികവുറ്റ താരങ്ങളെ ഞങ്ങള്‍ വാര്‍ത്തെടുക്കുന്നു. ഇന്ത്യയിലേക്ക് ഞങ്ങള്‍ പോയാലും ഇല്ലെങ്കിലും അത് ടീമില്‍ വലിയ മാറ്റമുണ്ടാക്കുന്ന കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല' - ജാവേദ് മിയാന്‍ദാദ് പറഞ്ഞു.
ഒരു കായിക വിനോദത്തെ രാഷ്‌ട്രീയമായി ഒരിക്കലും കൂട്ടിക്കുഴയ്‌ക്കരുതെന്നും മിയാന്‍ദാദ് അഭിപ്രായപ്പെട്ടു. 'ഒരാൾക്ക് അയൽക്കാരെ തെരഞ്ഞെടുക്കാൻ കഴിയില്ല എന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. അതുകൊണ്ട് തന്നെ പരസ്‌പരം സഹകരിച്ച് ജീവിക്കുന്നതാണ് നല്ലത്. ക്രിക്കറ്റ് ഒരു കായിക വിനോദമാണ്. അത്, രാജ്യങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണകളും പരാതികളും ഇല്ലാതാക്കുന്നതാണ് എന്ന് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്' മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു.