ഹൈദരാബാദ്: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയത്തുന്നു. പരിക്കുമായി ബന്ധപ്പെട്ട് ഏറെ നാളായി ടീമിന് പുറത്തുള്ള ബുംറയും ശ്രേയസും നടക്കാനിരിക്കുന്ന ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്കായി കളിച്ചേക്കും. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലാണ് ഇരു താരങ്ങളുമുള്ളത്.
ഏഷ്യ കപ്പിന് പിന്നാലെ ഏകദിന ലോകകപ്പും നടക്കാന്‍ ഇരിക്കെ ബുംറയുടെയും ശ്രേയസിന്‍റേയും ഫിറ്റ്‌നസും ഫോമും ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്. 2022 സെപ്‌റ്റംബറിലാണ് 29-കാരനായ ബുംറ ഇന്ത്യയ്‌ക്കായി അവസാനമായി കളിച്ചത്.
ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷം നടുവേദന അനുഭവപ്പെട്ട താരത്തിന് പരമ്പരയിലെ മൂന്നാം മത്സരം നഷ്‌ടമായിരുന്നു. പിന്നീട് നടത്തിയ വിദഗ്‌ധ പരിശോധനയില്‍ 2019-ൽ ഉണ്ടായ പരിക്കിന്‍റെ തുടര്‍ച്ചയാണിതെന്ന് കണ്ടെത്തി. തുടര്‍ന്ന് രണ്ടര മാസത്തെ ഇടവേളയ്‌ക്ക് ശേഷം ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ട് സെപ്‌റ്റംബറില്‍ ഓസീസിനെതിരായ പരമ്പരയിലൂടെ താരം മടങ്ങിയെത്തിയെങ്കിലും പരിക്ക് വഷളായതോടെ ടീമില്‍ നിന്നും പുറത്തായി.
ഇതോടെ ആ വര്‍ഷത്തില്‍ നടന്ന ഏഷ്യ കപ്പും ടി20 ലോകകപ്പും ബുംറയ്‌ക്ക് നഷ്‌ടമായിരുന്നു. 2023 ജനുവരിയില്‍ ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ബുംറയെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിനിടെ നടുവേദനയെക്കുറിച്ച് വീണ്ടും പരാതിപ്പെട്ടതോടെ ടീമില്‍ നിന്നും പിൻവലിച്ചു.
പിന്നീട് ന്യൂസിലന്‍ഡില്‍ നടന്ന ശസ്‌ത്രക്രിയക്ക് ശേഷമാണ് താരം തിരിച്ചുവരവിനൊരുങ്ങുന്നത്. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചർച്ചിലെ ഫോർട്ട് ഓർത്തോപീഡികിസ് ഹോസ്‌പിറ്റലില്‍ ആയിരുന്നു ബുംറയുടെ ശസ്‌ത്രക്രിയ നടന്നത്.
പുറം വേദനയ്‌ക്ക് ലണ്ടനില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതിന് ശേഷമാണ് 28-കാരനായ ശ്രേയസ് അയ്യരും തിരിച്ചുവരവിന് ഒരുങ്ങുന്നത്. 2023 ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കിടെയാണ് മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്‌തനായ ശ്രേയസിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതിന് ശേഷം ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയ്‌ക്കായി താരം ഇന്ത്യന്‍ ടീനൊപ്പം ചേര്‍ന്നു.
ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കുന്നതിനായി നാല് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശ്രേയസിന് വിശ്രമം അനുവദിച്ചിരുന്നു. തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളും താരം കളിക്കാന്‍ ഇറങ്ങി. എന്നാല്‍ അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിന് ശേഷം നടുവേദന അനുഭവപ്പെടുന്നതായി അറിയിച്ച താരം ടീമിന് പുറത്താവുകയായിരുന്നു.
അതേസമയം ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലാണ് ഏഷ്യ കപ്പ് നടക്കുക. പാകിസ്ഥാനാണ് ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ പാക് മണ്ണിലേക്ക് എത്തില്ലെന്ന് അറിയിച്ചതോടെ ഹൈബ്രിഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ഇത്തവണ ഏഷ്യ കപ്പ് നടക്കുന്നത്. പിന്നാലെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയരാവുന്നത്.
ALSO RAED:Yashasvi Jaiswal: 'യശ്വസി ജയ്‌സ്വാള്‍ അവരിലൊരാളാണ്'; കട്ടപിന്തുണയുമായി വസീം ജാഫര്‍