ഇന്ത്യയുടെ സ്റ്റാര്‍പേസര്‍ ജസ്‌പ്രീത് ബുംറ ടി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതായി സ്ഥിരീകരിച്ച് ബിസിസിഐ. മെഡിക്കല്‍ ടീമിന്‍റെ പരിശോധനയ്‌ക്ക് ശേഷവും വിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷവുമാണ് തീരുമാനമെന്ന് ട്വിറ്ററിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയില്‍ നിന്ന് നടുവേദനയെ തുടര്‍ന്ന് ബുംറയെ നേരത്തെ ഒഴിവാക്കിയിരുന്നു.
ലോകകപ്പ് ടീമില്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ ബിസിസിഐ വ്യക്തമാക്കി. ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ട് പര്യടത്തിനിടെയുണ്ടായ പരിക്കില്‍ നിന്ന് രണ്ട് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞ് അടുത്തിടെയാണ് ബുംറ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. എന്നാല്‍ വീണ്ടും പരിക്ക് താരത്തിന് തിരിച്ചടിയായി മാറി.
ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്‌ക്കുളള ടീമില്‍ ബുംറയ്‌ക്ക് പകരം നേരത്തെ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം ലോകകപ്പ് ടീമില്‍ സ്റ്റാന്‍ഡ് ബൈ കളിക്കാരില്‍ ഇടംനേടിയ മുഹമ്മദ് ഷമി ബുറയ്‌ക്ക് പകരം ടീമില്‍ കേറാന്‍ സാധ്യതയുണ്ട്. മറ്റൊരു പേസ് ബോളറായ ദീപക് ചാഹറും സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലുണ്ട്. അടുത്തിടെ ബുംറയ്‌ക്ക് നാല് മുതല്‍ ആറ് ആഴ്‌ച വരെ വിശ്രമം വേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സ്‌ട്രെസ് റിയാക്ഷനാണ് ബുംറ നേരിടുന്ന ബുദ്ധിമുട്ടെന്നാണ് വാര്‍ത്തകള്‍ വന്നത്.