മുംബൈ: ഐപിഎല്‍ 2024 (IPL 2024) സീസണിന് മുന്നോടിയായി തന്‍റെ പഴയ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തിരികെ എത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ ട്രേഡിലൂടെ 15 കോടി രൂപ നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പിൻഗാമി ആയി ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ് ഹാര്‍ദിക്കിനെ തിരികെ എത്തിക്കുക വഴി മുംബൈ നടത്തിയിരിക്കുന്നതെന്ന് സംസാരമുണ്ട്.
എന്നാല്‍ ഹാര്‍ദിക്കിന്‍റെ മടങ്ങി വരവിന് പിന്നാലെയുള്ള മുംബൈ പേസര്‍ ജസ്‌പ്രീത് ബുംറയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. "നിശബ്‌ദതയാണ് ചിലപ്പോൾ ഏറ്റവും നല്ല ഉത്തരം" എന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതോടെ മുംബൈയുടെ നായകനാവാനുള്ള ബുംറയുടെ ആഗ്രഹത്തിന് തിരിച്ചടി ഏറ്റതാവാം ബുംറയുടെ പോസ്റ്റിന് പിന്നില്‍. ഒരു പക്ഷെ, താരം മുംബൈ ഇന്ത്യന്‍സ് വിട്ടേക്കാമെന്നുമാണ് ഒരു വിഭാഗം നെറ്റിസണ്‍സ് പറയുന്നത്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത്. ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവ് ഒരു പക്ഷെ, ബുംറയെ വേദനിപ്പിച്ചിരിക്കാമെന്നാണ് ശ്രീകാന്തിന്‍റെ വാക്കുകള്‍ (Kris Srikkanth on Jasprit Bumrah post after Hardik Pandya Mumbai Indians trade).
"ജസ്പ്രീത് ബുംറയെപ്പോലെ മറ്റൊരു ക്രിക്കറ്റ് താരത്തെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല. അത് ടെസ്റ്റിലോ അല്ലെങ്കില്‍ വൈറ്റ്-ബോൾ ക്രിക്കറ്റിലോ ആകട്ടെ, അവൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. കഴിഞ്ഞ ലോകകപ്പില്‍ തന്‍റെ എല്ലാം നല്‍കിയായിരുന്നു അവന്‍ കളിച്ചത്. 2022-ൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ബുംറ ഇന്ത്യയുടെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായിരുന്നു.