കറാച്ചി:ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ മുന്‍പന്തിയിലുള്ള താരങ്ങളാണ് ഇന്ത്യയുടെ ജസ്‌പ്രീത് ബുംറയും പാകിസ്ഥാന്‍റെ ഷഹീൻ ഷാ അഫ്രീദിയും. മിന്നും പ്രകടനങ്ങള്‍ കൊണ്ട് തങ്ങളുടെ ടീമുകള്‍ക്ക് ഒരുപോലെ നിര്‍ണായകമാണ് ബുംറയും ഷഹീനും. പ്രകടനത്തിന്‍റെ കണക്ക് നോക്കിയാലും ഇരുവരും ഏറക്കുറെ തുല്യരാണ്.
എന്നാല്‍ ബുംറ ഷഹീന്‍റെ മികവിന്‍റെ ഏഴയലത്തുപോലും വരില്ലെന്നാണ് മുന്‍ പാക് ഓള്‍റൗണ്ടര്‍ അബ്‌ദുള്‍ റസാഖ് പറയുന്നത്. ഒരു പാക് ചാനലിനോടാണ് അബ്‌ദുള്‍ റസാഖിന്‍റെ പ്രതികരണം. "ഷഹീന്‍ വളരെ മികച്ച താരമാണ്. ബുംറ ഏഴയലത്തുപോലും വരില്ല" റസാഖ് പറഞ്ഞു.
പാക് പേസര്‍മാരായ നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ എന്നിവരിൽ ആരാണ് മികച്ച താരമെന്ന ചോദ്യത്തിന് എല്ലാവരും എന്നുമായിരുന്നു അബ്‌ദുള്‍ റസാഖ് മറുപടി പറഞ്ഞത്. ബുംറയ്‌ക്കെതിരെ നേരത്തെയും റസാഖ് ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട്. 2019ല്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ ബുംറയെ 'ബേബി ബോളര്‍' എന്നാണ് റസാഖ് വിശേഷിപ്പിച്ചത്.
അതേസമയം പരിക്കേറ്റതിനെ തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്തുള്ള ബുംറ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലൂടെ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. എന്നാല്‍ താരത്തിന് ആവശ്യമായ സമയം നല്‍കുമെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ മുതുകിനേറ്റ പരിക്കാണ് ബുംറയ്‌ക്ക് തിരിച്ചടിയായത്. ഇതേതുടര്‍ന്ന് ടി20 ലോകകപ്പ് ഉള്‍പ്പെടെ താരത്തിന് നഷ്‌ടമായിരുന്നു. മറുവശത്ത് പരിക്കുമായി ബന്ധപ്പെട്ട വിശ്രമത്തിലുള്ള ഷഹീനും അടുത്ത മാസം ആരംഭിക്കുന്ന പാകിസ്ഥാന്‍ ടി20 ലീഗിലൂടെ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.
കണക്കുകള്‍ നോക്കാം:29 കാരനായ ബുംറ നിലവില്‍ 30 ടെസ്റ്റുകളിൽ നിന്ന് 128 വിക്കറ്റുകളും 72 ഏകദിനങ്ങളിൽ നിന്ന് 121 വിക്കറ്റുകളും നേടിയിട്ടുണ്ട്. 60 ടി20 മത്സരങ്ങളിൽ നിന്ന് 70 വിക്കറ്റുകളാണ് താരത്തിന്‍റെ സമ്പാദ്യം. മറുവശത്ത് 22കാരനായ ഷഹീൻ 25 ടെസ്റ്റുകളിൽ നിന്ന് 99 വിക്കറ്റുകളാണ് നേടിയത്. 32 ഏകദിനങ്ങളിൽ നിന്ന് 62 വിക്കറ്റുകളും 47 ടി20യിൽ നിന്ന് 58 വിക്കറ്റുകളുമാണ് താരത്തിന്‍റെ സമ്പാദ്യം.