ബെംഗളൂരു :ഏഷ്യ കപ്പും ഏകദിന ലോകകപ്പും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ശസ്‌ത്രക്രിയക്ക് ശേഷം ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലുള്ള സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തായി റിപ്പോര്‍ട്ട്. പൂര്‍ണമായും ബൗളിങ് ആരംഭിച്ച താരം അയര്‍ലന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
ഏറെക്കാലമായി അലട്ടിയിരുന്ന പുറംവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ജസ്പ്രീത് ബുംറ ശസ്‌ത്രക്രിയക്ക് വിധേയനായത്. ഇതിന് പിന്നാലെ തുടര്‍ ചികിത്സയ്‌ക്കും പരിശീലനത്തിനും വേണ്ടിയാണ് താരം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയത്. അതിവേഗം ഫിറ്റ്‌നസ് വീണ്ടെടുത്ത താരം നേരത്തേ തന്നെ നെറ്റ്‌സിലും പന്തെറിഞ്ഞ് തുടങ്ങിയിരുന്നു.
ദിവസവും ബുംറ എട്ട് മുതല്‍ പത്തോവര്‍ വരെ നെറ്റ്‌സില്‍ പന്തെറിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിഎ മേധാവി വിവിഎസ് ലക്ഷ്‌മണിന്‍റെ മേല്‍നോട്ടത്തിലാണ് നിലവില്‍ ബുംറയുടെ പരിശീലനം പുരോഗമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ബുംറയെ കളിപ്പിക്കാനാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പദ്ധതിയിടുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
യുവതാരങ്ങള്‍ അണിനിരക്കുന്ന രണ്ടാം നിര ടീമിനെയാകും ബിസിസിഐ അയര്‍ലന്‍ഡിലേക്ക് അയക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സംഘത്തിനൊപ്പം ബുംറയേയും അയക്കുമെന്നാണ് സൂചന. ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് എന്നിവ മുന്നില്‍ കണ്ട് താരത്തെ മത്സരങ്ങള്‍ക്കായി കൂടുതല്‍ സജ്ജമാക്കുന്നതിനാണ് ഈ നീക്കം.