ബെംഗളൂരു : ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കാനിരിക്കെ ആരാധകർക്ക് സന്തോഷവാർത്ത. പരിക്കിനെ തുടര്‍ന്ന് ഏഷ്യ കപ്പ് നഷ്‌ടമായ പേസർമാരായ ജസ്‌പ്രീത് ബുംറയും ഹർഷൽ പട്ടേലും ടീമിലേക്ക് തിരിച്ചെത്തും. ഇരുവരും കായികക്ഷമതാ പരിശോധനയില്‍ വിജയിച്ചതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് താരങ്ങളുടെ കായികക്ഷമതാ പരിശോധന നടന്നത്. താരങ്ങളുടെ ഫിറ്റ്‌നസില്‍ ബിസിസിഐ മെഡിക്കല്‍ സംഘം തൃപ്തരാണ്. ഇരുവരേയും ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായി ടി20 പരമ്പരയിലേക്കും പരിഗണിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.