ബെംഗളൂരു : ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ തിരിച്ചുവരവിനായി കാത്തിരിപ്പിലാണ് ആരാധകര്‍. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ മുതല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് 29-കാരന്‍. വിടാതെ പിന്തുടര്‍ന്നിരുന്ന മുതുകിനേറ്റ പരിക്കിനെ അകറ്റാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂസിലൻഡിൽ വച്ച് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) തിരിച്ചുവരവിന്‍റെ പാതയിലുള്ള താരം നെറ്റ്‌സിൽ ഒരു ദിവസം ഏഴ് ഓവർ ബോള്‍ ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യ കപ്പും ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി ബുംറയുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ആരാധകര്‍ക്ക് എറെ സന്തോഷം പകരുന്ന വാര്‍ത്തയാണിത്.
നേരത്തെ ലൈറ്റ് വർക്ക്ഔട്ടുകള്‍ മാത്രം ചെയ്‌തിരുന്ന ബുംറ ബോളിങ് സെഷനുകളിലേക്ക് എത്തിയത് വലിയ പുരോഗതിയാണെന്ന് എന്‍സിഎ വൃത്തങ്ങള്‍ പ്രതികരിച്ചു. "ഇത്തരത്തിലുള്ള ഒരു പരിക്കിന്, നിരന്തരമായ നിരീക്ഷണം ആവശ്യമായതിനാൽ ഇത്ര സമയത്തിനുള്ളില്‍ തിരിച്ചുവരുമെന്ന് ഉറപ്പിച്ചുപറയുക സാധ്യമല്ല. പക്ഷേ, ബുംറ സുഖം പ്രാപിച്ചുവരികയാണെന്നും എൻസിഎ നെറ്റ്സിൽ ഏഴ് ഓവർ ബോള്‍ ചെയ്തുവെന്നും പറയാം.
ഇത് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളിലുള്ള ക്രമാനുഗതമായ വർധനവാണ്. അത് പ്രാരംഭ കാലഘട്ടത്തിലെ ലൈറ്റ് വർക്ക്ഔട്ടുകളിൽ നിന്ന് ഇപ്പോള്‍ ബോളിങ് സെഷനുകളിലേക്ക് എത്തിയിരിക്കുന്നു. അടുത്ത മാസം ബുംറ കുറച്ച് പരിശീലന മത്സരങ്ങൾ (എൻസിഎയിൽ) കളിക്കും, തുടർന്ന് അദ്ദേഹത്തിന്‍റെ ഫിറ്റ്‌നസ് വീണ്ടും വിലയിരുത്തും" - എന്‍സിഎ വൃത്തങ്ങള്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.