മുംബൈ: ഐപിഎല്ലില്‍ നിന്നും ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയ് പിന്മാറി. ബയോ ബബിളില്‍ കൂടുതല്‍ കാലം തുടരുന്നതുമായി ബന്ധപ്പെട്ട സാഹചര്യം മുന്‍ നിര്‍ത്തിയാണ് റോയുടെ പിന്മാറ്റം. മെഗാ ലേലത്തില്‍ ഹാര്‍ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സാണ് താരത്തെ സ്വന്തമാക്കിയിരുന്നത്.
രണ്ട് കോടി രൂപയ്‌ക്കാണ് 31കാരനായ താരത്തെ ഗുജറാത്ത് ടീമിലെത്തിച്ചത്. ഐപിഎല്ലില്‍ നിന്നും പിന്മാറുന്നത് സംബന്ധിച്ച് റോയ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
"ഈ വർഷത്തെ ടൂർണമെന്‍റിൽ നിന്നും പിന്മാറുന്നതില്‍ വേദനയുണ്ട്. എന്നിൽ വിശ്വാസമർപ്പിച്ച് എന്നെ ലേലത്തിൽ എടുത്തതിന് മാനേജ്മെന്‍റിനും ക്യാപ്റ്റൻ ഹാർദിക്കിനും നന്ദി പറയുന്നു" റോയ് തന്‍റെ ട്വിറ്റർ ഹാൻഡിൽ കുറിച്ചു.
കഴിഞ്ഞ ആഴ്‌ച തന്നെ പിന്മാറുന്ന വിവരം റോയ് ഫ്രാഞ്ചൈസിയെ അറിയിച്ചിട്ടുണ്ടെന്നാണ് ഇഎസ്‌പിഎന്‍ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടൂര്‍ണമെന്‍റിന്‍റെ 15ാം സീസണില്‍ മാര്‍ച്ച് 26ന് ആരംഭിക്കാനിരിക്കെ പിന്മാറുന്ന ആദ്യ താരം കൂടിയാണ് റോയ്.
ഗുജറാത്തിന് കനത്ത തിരിച്ചടി
ഇന്ത്യന്‍ ബാറ്റര്‍ ശുഭ്‌മാൻ ഗില്ലിന് പുറമെ റോയിലെ മാത്രമാണ് സ്‌പെഷ്യലിസ്റ്റ് ഓപ്പണറായി ഗുജറാത്ത് ടീമിലെത്തിച്ചതെന്നിരിക്കെ താരത്തിന്‍റെ പിന്മാറ്റം ഫ്രാഞ്ചൈസിക്ക് കനത്ത തിരിച്ചടിയാവും.
അതേസമയം അടുത്തിടെ സമാപിച്ച പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം നടത്താന്‍ റോയ്‌ക്കായിരുന്നു. ഗ്ലാഡിയേറ്റേഴ്‌സിനായി കളത്തിലിറങ്ങിയ താരം ആറ് മത്സരങ്ങളില്‍ നിന്നും 303 റണ്‍സ് നേടിയിരുന്നു. രണ്ട് അര്‍ദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രടനം.
പിന്മാറ്റം രണ്ടാം തവണ
ഇത് രണ്ടാം തവണയാണ് റോയ് ഐപിഎല്ലില്‍ നിന്നും പിന്മാറുന്നത്. 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കിയിരുന്നെങ്കിലും വ്യക്തിപരമായ കാരണള്‍ ചൂണ്ടിക്കാട്ടി പിന്മാറിയിരുന്നു. അന്ന് 1.5 കോടി രൂപയാണ് ഡല്‍ഹി റോയ്‌ക്കായി നല്‍കിയിരുന്നത്.
also read: റഷ്യന്‍ താരങ്ങള്‍ക്കെതിരെ കളിക്കാനില്ലെന്ന് യുക്രൈന്‍ ടെന്നീസ് താരം എലീന സ്വിറ്റോലിന
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി റോയ് കളത്തിലിറങ്ങിയിരുന്നു.