ചെന്നൈ :താൻ യൂട്യൂബ് ചാനലിൽ പങ്കുവയ്‌ക്കുന്ന വീഡിയോകൾ ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോലി ഇഷ്‌ടപ്പെടുന്നുവെന്ന അവകാശവാദവുമായി ജാർവോ. എക്‌സ് അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയുടെ സബ്‌ടൈറ്റിലിലൂടെയാണ് ജാർവോ ഇത്തരത്തിലൊരു അവകാശവാദവുമായി രംഗത്തെത്തിയത്. നിമിഷങ്ങൾക്കകം ജാർവോയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Jarvo Claims Kohli Loves His Work).
ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ജാര്‍വോ ഇന്ത്യന്‍ ജഴ്‌സിയില്‍ ഗ്രൗണ്ടിലെത്തിയത്. മൈതാനത്തേക്ക് ഓടിയെത്തിയ ജാർവോ, ആശയക്കുഴപ്പത്തിലായ ഇന്ത്യൻ താരം മുഹമ്മദ് സിറാജിന് നേര്‍ക്ക് കൈവീശി കാണിക്കുന്നത് കാണാം. തിരികെ ജാർവോയോട് കൈവീശി കാണിച്ച സിറാജ് ഗ്രൗണ്ട് വിടാൻ ആവശ്യപ്പെടുകയും ചെയ്‌തു.
സിറാജിന് പിന്നാലെ രാഹുലിനടുത്തേക്കെത്തിയ ജാർവോയെ സുരക്ഷ അധികൃതർ ഗ്രൗണ്ടിൽ നിന്ന് ബലം പ്രയോഗിച്ച് മടക്കി. ഇതിനിടെ ജാർവോ കോലിയോട് സംസാരിക്കുന്നതും വലിയ ചർച്ചയായിരുന്നു. ഈ സംഭാഷണത്തിനിടെയാണ് കോലി തന്‍റെ വീഡിയോകളെ അഭിനന്ദിച്ചതെന്നാണ് ജാർവോ അവകാശപ്പെടുന്നത്. 'ജാർവോ, നിങ്ങളുടെ വീഡിയോകൾ ഞാൻ ഇഷ്‌ടപ്പെടുന്നു, എന്നാൽ ഇത് ഇപ്പോൾ നിർത്തേണ്ടതുണ്ട്' - എന്നായിരുന്നു ജാർവോ സബ്‌ടൈറ്റിലായി നൽകിയത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ജാർവോ - 69 ഇന്ത്യൻ ജഴ്‌സിയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന തലക്കെട്ടോടെയാണ് യൂട്യൂബർ വീഡിയോ പങ്കുവച്ചത്.
അന്താരാഷ്‌ട്ര മത്സരങ്ങൾ നടക്കുന്ന വേദികളിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുന്ന വിവാദ യൂട്യൂബറാണ് 'ജാർവോ 69' എന്ന പേരിൽ അറിയപ്പെടുന്ന ഇംഗ്ലണ്ടുകാരനായ ഡാനിയൽ ജാർവിസ്. ഇന്ത്യൻ ജഴ്‌സിയണിഞ്ഞ് ക്രിക്കറ്റ് മൈതാനങ്ങളിൽ അതിക്രമിച്ച് കയറിയതോടെയാണ് ജാർവോ പ്രശസ്‌തനായത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് മത്സരത്തിനിടെയാണ് ജാർവോ അവസാനമായി ഇന്ത്യൻ ജഴ്‌സിയണിഞ്ഞ് മൈതാനത്തിറങ്ങി ആരാധകരിൽ ചിരിപടർത്തിയത്.
സുരക്ഷാലംഘനം കണക്കിലെടുത്ത് ഏകദിന ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി വേദിയിലെത്തുന്നതിന് ഐസിസി ജാര്‍വോയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 'ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷ പ്രധാനമാണ്. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനും അത് ആവർത്തിക്കാതിരിക്കുന്നതിനുമായി ആവശ്യമായ നടപടികൾ സ്വീകരിക്കും. അടുത്ത മത്സരങ്ങൾ നടക്കുന്ന വേദികളിലേക്ക് ജാര്‍വോയുടെ പ്രവേശനം വിലക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ഉത്തരവാദിത്തം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനാണ്' - സംഭവത്തോട് പ്രതികരിച്ച് ഐസിസി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
2021-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ രോഹിത് ശര്‍മ പുറത്തായപ്പോള്‍ പകരം ഇന്ത്യന്‍ ബാറ്ററായി ജാര്‍വോ കളത്തിലിറങ്ങിയിരുന്നു. ഗ്രൗണ്ടിലെത്തിയശേഷമാണ് അത് ഇന്ത്യന്‍ താരമല്ല എന്ന് സുരക്ഷ ജീവനക്കാർ മനസിലാക്കിയത്. പിന്നാലെ അടുത്ത മത്സരത്തില്‍ പന്തെറിയാനും ജാർവോയെത്തിയിരുന്നു. മത്സരത്തിനിടെ അതിക്രമിച്ച് കയറിയ ജാർവോയ്‌ക്ക് യോർക്‌ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ് പിഴയും വിലക്കുമേർപ്പെടുത്തി. ലീഡ്‌സ് സ്റ്റേഡിയത്തിൽ ജാർവോയ്‌ക്ക് ആജീവനാന്ത വിലക്കാണുള്ളത്.