ലീഡ്‌സ് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യൻ ടീമിനെ സഹായിക്കാൻ ഗ്രൗണ്ടിലിറങ്ങി ഡാനിയേൽ ജാർവിസ് എന്ന ജാർവോ-69. രണ്ടാം ടെസ്റ്റിൽ ഫിൽഡിങ്ങിൽ സഹായിക്കാനെത്തിയെങ്കിൽ മൂന്നാം ദിനം ബാറ്റിങ് ചെയ്യാനാണ് ജാർവിസ് എത്തിയത്.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിൽ രോഹിത് ശർമ്മ പുറത്തായ ശേഷമാണ് ജാർവിസ് ക്രീസിലേക്കെത്തിയത്. ഹെൽമറ്റും, പാഡും, ഗ്ലൗസും അണിഞ്ഞ് പൂർണസജ്ജനായിട്ടായിരുന്നു ജാർവിസിന്‍റെ വരവ്. ക്രീസിലെത്തിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ആദ്യം ഗ്രൗണ്ട് വിടാൻ വിസമ്മതിച്ച ജാർവോയെ സുരക്ഷാ ജീവനക്കാർ ബലം പ്രയോഗിച്ചാണ് പുറത്താക്കിയത്.
സംഭവം തമാശയായെടുത്ത ഇന്ത്യൻ താരം ആർ അശ്വിൻ ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ജാർവിസിനെ പോലെയുള്ളവർ ഗ്രൗണ്ടിലേക്ക് എത്തുന്നത് താരങ്ങൾക്ക് ഭീഷണിയാണെന്നും ഗ്രൗണ്ടിൽ നിന്ന് വിലക്കണമെന്നും ചില ആരാധകർ അഭിപ്രായപ്പെട്ടു.
ALSO READ: പൂജാരയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത് ഡ്രസിങ് റൂമിന് പുറത്ത് : രോഹിത് ശര്‍മ
ലോർഡ്‌സിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയ ജാർവോ ഇന്ത്യൻ താരങ്ങൾക്ക് ഫീൽഡിങ് നിർദ്ദേശങ്ങൾ നൽകി കാണികളെ രസിപ്പിച്ചിരുന്നു. ഇന്ത്യയുടെ അതേ ജഴ്‌സി ധരിച്ചെത്തിയ ജാർവോയെ ആദ്യം ആരും തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് അപകടം മണത്ത സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ മൈതാനത്തിന് പുറത്താക്കുകയായിരുന്നു.