ജോഹന്നാസ്‌ബെര്‍ഗ്: ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാവി പ്രതീക്ഷകളിലൊരാളാണ് റിങ്കു സിങ്. കളിക്കളത്തില്‍ തന്‍റെ ആക്രമണാത്മക ബാറ്റിങ്ങിനാല്‍ ഇതിനകം തന്നെ ഇന്ത്യയ്‌ക്ക് മുതല്‍ക്കുട്ടാവുന്ന പ്രകടനങ്ങള്‍ റിങ്കു നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ റിങ്കുവിനെ പുകഴ്‌ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്. (Jaques Kallis on Rinku Singh)
ആറാം നമ്പറില്‍ ഇന്ത്യയ്‌ക്ക് ഏറ്റവും അനുയോജ്യനായ ബാറ്റര്‍ റിങ്കുവാണെന്നാണ് കാലിസ് പറയുന്നത്. (Jaques Kallis on Rinku Singh Batting position in Indian team) മതിയായ സംയമനവും മത്സര സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും താരത്തിനുണ്ടെന്നും കാലിസ് ചൂണ്ടിക്കാട്ടി.
"അവൻ (റിങ്കു) ഒരു ക്ലാസ് ആക്‌ടാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നമ്മൾ കണ്ടതുപോലെ, അവൻ ഇന്ത്യയ്‌ക്കായി എന്താണ് ചെയ്‌തതെന്ന് എല്ലാവര്‍ക്കും അറിയാം. മത്സരങ്ങള്‍ അത്ര മികച്ച രീതിയിലാണ് അവന്‍ ഫിനിഷ് ചെയ്യുന്നത്.
സാഹചര്യത്തിന് അനുസരിച്ചാണ് പ്രകടനങ്ങള്‍. അവന്‍റെ ഷോട്ടുകളും വളരെ നല്ലതാണ്. ഇന്നിങ്‌സിന്‍റെ അവസാനത്തില്‍ അക്രമിക്കേണ്ടി വരുമ്പോള്‍ അവന് അതിന് കഴിയുന്നുണ്ട്. ഇന്ത്യയ്‌ക്ക് ആറാം നമ്പറില്‍ ഏറ്റവും അനുയോജ്യനായ ബാറ്ററാണവന്‍" ജാക്ക് കാലിസ് പറഞ്ഞു.
ഫിനിഷറായുള്ള താരത്തിന്‍റെ സാന്നിധ്യം ടീമിലെ മറ്റ് ബാറ്റര്‍മാര്‍ക്ക് സ്വയം പ്രകടിപ്പിക്കാനും കൂടുതൽ നിർഭയമായി കളിക്കാനും സഹായകമാണ്. ബാറ്റിങ് തകർച്ചയുണ്ടെങ്കിൽപ്പോലും, തന്‍റെ ടീമിനെ മത്സരാധിഷ്ഠിത ടോട്ടലിലേക്ക് എത്തിക്കുന്നതിനോ അല്ലെങ്കില്‍ പിന്തുടരുന്നതിനോ ഉള്ള ഉത്തരവാദിത്തം കൈകാര്യം ചെയ്യാനുള്ള കഴിവ് 26-കാരനുണ്ടെന്നും കാലിസ് കൂട്ടിച്ചേര്‍ത്തു.